സാഹോദര്യ സന്ദേശം വിളിച്ചോതി പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് ഇഫ്താർ സംഗമം
text_fieldsപ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് ജിദ്ദയിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം
ജിദ്ദ: സാഹോദര്യ സന്ദേശം വിളിച്ചോതി ജിദ്ദയിൽ പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് സംഘടിപ്പിച്ച ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. ഫൈസലിയ ഹോപ്പ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ജിദ്ദയിലെ സാമൂഹിക, രാഷ്ട്രീയ, മത, സംഘടന നേതാക്കളടക്കം ആയിരത്തിലേറെ പേർ സംബന്ധിച്ചു.
ഭരണഘടന ഉറപ്പു നൽകുന്ന ആരാധനാ സ്വാതന്ത്ര്യത്തെ ടാർപോളിൻ കൊണ്ട് മറച്ചു, വിത്യസ്ത മത വിഭാഗങ്ങൾക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാൻ ആസൂത്രിത ശ്രമങ്ങൾ നടക്കുമ്പോൾ ഇങ്ങനെ കൂടിയിരിക്കുന്നതു തന്നെ മഹത്തായ സന്ദേശമാണെന്ന് സംഗമത്തിൽ റമദാൻ സന്ദേശം നൽകിയ പ്രവാസി വെൽഫയർ നാഷനൽ കമ്മിറ്റി അംഗം ഉമർ പാലോട് പറഞ്ഞു.
ഇഫ്താർ സംഗമത്തിൽ നിന്ന്
ഒരു തലമുറയെ തന്നെ നിത്യ മയക്കത്തിലേക്ക് തള്ളിവിടുന്ന ലഹരിക്കെതിരെ സർക്കാർ നടത്തുന്നത് നിഴൽ യുദ്ധം മാത്രമാണെന്നും ഒരു ഭാഗത്ത് മൂല്യങ്ങൾ ഒന്നുമില്ലാത്ത എല്ലാവിധ ആസ്വാദനത്തിനെയും പ്രോത്സാഹിപ്പിക്കുന്ന ലിബറൽ ആശയങ്ങൾ പുതിയ തലമുറയിൽ പ്രചരിപ്പിക്കുകയും മറ്റൊരു ഭാഗത്ത് എല്ലാവിധ ലഹരിയും സുലഭമായി ലഭ്യമാക്കുകയും ചെയ്തുകൊണ്ട് നടത്തുന്ന ലഹരി വിരുദ്ധ കാമ്പയിനുകൾ പ്രശ്‌നത്തിന് പരിഹാരമാവില്ല എന്നും ശക്തമായ നടപടികൾ ആവശ്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഇഫ്താർ സംഗമത്തിൽ നാഷനൽ കമ്മിറ്റി അംഗം ഉമർ പാലോട് സംസാരിക്കുന്നു
നിരാലംബരും നിരായുധരുമായ ഒരു ജനതയുടെ മേൽ ബോംബുകൾ വർഷിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന ഇസ്രായേൽ ഭീകരതക്കെതിരെ നമ്മുടെ മനസാക്ഷിയെ ഉണർത്തുന്നതിനുള്ള അവസരമാവട്ടെ ഇഫ്താർ സംഗമങ്ങൾ എന്നും അദ്ദേഹം ഉണർത്തി.
പ്രവാസികൾ ഏറെ ആശങ്കയോടെ കാണുന്ന നാട്ടിലെ ലഹരി വ്യാപന വിഷയത്തിൽ ശക്തമായ ബോധവൽക്കരണത്തിന് പ്രവാസി വെൽഫെയർ നേതൃത്വം നൽകുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പ്രോവിൻസ് പ്രസിഡന്റ് അബ്ദുൽറഹീം ഒതുക്കുങ്ങൽ അറിയിച്ചു. പ്രൊവിൻസ് ജനറൽ സെക്രട്ടറി അഷ്‌റഫ് പാപ്പിനിശ്ശേരി സ്വാഗതവും സാഹോദര്യ ഇഫ്താർ കോഓർഡിനേറ്റർ ബഷീർ ചുള്ളിയൻ നന്ദിയും പറഞ്ഞു. നൗഷാദ് പയ്യന്നൂർ, യൂസുഫ് പരപ്പൻ, അബ്ദു സുബ്ഹാൻ പറളി, അഡ്വ. ഫിറോസ്, സി.എച്ച്. ബഷീർ, സലീഖത്ത് ഷിജു, സുഹ്‌റ ബഷീർ, ഉസാമ ഫറോക്ക്, തമീം അബ്ദുള്ള എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.