ഇഫ്താർ: നിർദേശങ്ങളും വ്യവസ്ഥകളും
text_fieldsജിദ്ദ: സൗദിയിൽ മതകാര്യ വകുപ്പിന്റെ സാങ്കേതിക മേൽനോട്ടത്തിലുള്ള അസോസിയേഷനുകൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും ഇഫ്താർ സംഘടിപ്പിക്കാനുള്ള നിർദേശങ്ങളും വ്യവസ്ഥകളും പ്രഖ്യാപിച്ചു.
മതകാര്യ വകുപ്പിന്റെ ദൗത്യവും പൊതുലക്ഷ്യവും കൈവരിക്കുന്നതിനാണിത്. ഇഫ്താർ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അംഗീകാരത്തിനായി മന്ത്രാലയത്തിൽ അപേക്ഷ സമർപ്പിക്കണം.
അസോസിയേഷനും സ്വകാര്യ സ്ഥാപനവും പള്ളി ഇമാമുമായി ഏകോപിപ്പിക്കണം. മന്ത്രാലയത്തിൽനിന്നുള്ള പെർമിറ്റ് ഉണ്ടായിരിക്കണം.
ഇഫ്താർ പദ്ധതിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ഭക്ഷണം പാഴാക്കുന്നതും അമിതവ്യയവും ഒഴിവാക്കുകയും വേണം. അംഗീകരിച്ച റിപ്പോർട്ട് ഫോമുകൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം വ്യക്തമാക്കി.
സംഭാവനകൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് പുറപ്പെടുവിച്ച ഉത്തരവുകളും നിർദേശങ്ങളും പാലിക്കണം. വരുമാനവും ചെലവും ചാർട്ടേഡ് അക്കൗണ്ടന്റ് തയാറാക്കുന്ന റിപ്പോർട്ടിൽ കാണിക്കാൻ ബാധ്യസ്ഥരാണ്. ഇഫ്താറിനോടൊപ്പം പ്രബോധനപ്രവർത്തനങ്ങൾ നടത്താൻ ആഗ്രഹിക്കുന്നെങ്കിൽ മന്ത്രാലയത്തിൽനിന്ന് പ്രോഗ്രാം ലൈസൻസ് ആവശ്യപ്പെടാം.
മുനിസിപ്പാലിറ്റിയുടെ ലൈസൻസുള്ള കടകളിൽനിന്നോ സ്ഥലങ്ങളിൽനിന്നോ ഇഫ്താർ ഭക്ഷണം ഒരുക്കണം.
ഭക്ഷണം സംഭാവനയായി സ്വീകരിക്കുന്നുവെങ്കിലും മുനിസിപ്പാലിറ്റിയുടെ അനുമതിയുള്ള കടകളിൽനിന്നോ കേന്ദ്രങ്ങളിൽനിന്നോ ആയിരിക്കണം. ടെൻറുകൾക്ക് അധികാരികൾ അംഗീകരിച്ച സവിശേഷതകളും മാനദണ്ഡങ്ങളും പാലിക്കണമെന്ന് മന്ത്രാലയം പറഞ്ഞു. സിവിൽ ഡിഫൻസിൽനിന്ന് ഇഫ്താർ ക്യാമ്പുകൾ സ്ഥാപിക്കുന്നതിന് ആവശ്യമായ അനുമതി വാങ്ങി മന്ത്രാലയം പുറപ്പെടുവിച്ച നിർദേശങ്ങൾ പാലിക്കണം. അടിയന്തര സാഹചര്യം നേരിടാൻ ബന്ധപ്പെട്ട വകുപ്പ് നൽകുന്ന നിർദേശങ്ങളും നടപടിക്രമങ്ങളും പാലിക്കണം.
പള്ളികളിൽ ഇഫ്താർ പദ്ധതികൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവരും എന്നാൽ മന്ത്രാലയത്തിന്റെ സാങ്കേതിക മേൽനോട്ടത്തിന് വിധേയമല്ലാത്തതുമായ അസോസിയേഷനുകൾക്കും സിവിൽ സ്ഥാപനങ്ങൾക്കും ഈ നിയന്ത്രണങ്ങളും വ്യവസ്ഥകളും ബാധകമാകുമെന്നും മന്ത്രാലയം സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.