സാഹോദര്യ സന്ദേശം വിളിച്ചോതി ശറഫിയ മലയാളി കൂട്ടായ്മയുടെ ജനകീയ ഇഫ്താർ ശ്രദ്ധേയമായി
text_fieldsജിദ്ദ: മലയാളികളുടെ സംഗമ കേന്ദ്രമായ ജിദ്ദ ശറഫിയ്യയിൽ ഒരുമയുടെയും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മഹിത സന്ദേശമായി സംഘടിപ്പിച്ച ശറഫിയ മലയാളി കൂട്ടായ്മയുടെ ജനകീയ ഇഫ്താർ സംഘാടനം കൊണ്ടും വൻ ജനാവലികൊണ്ടും ഏറെ ശ്രദ്ധേയമായി. പ്രദേശത്തെ കച്ചവട സ്ഥാപനങ്ങളും അഭ്യുദയകാംക്ഷികളും മുൻകൈ എടുത്ത് ഏഴ് വർഷത്തോളമായി ജനകീയ ഇഫ്താർ സംഘടിപ്പിച്ചുവരുന്നു.
ഓരോ വർഷവും മുൻവർഷങ്ങളിലേതിനേക്കാൾ സംഘാടകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് ഇഫ്താറിൽ പങ്കെടുക്കുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നതായാണ് അനുഭവം. ഈ വർഷം 3,000 ത്തോളം ആളുകളാണ് ജനകീയ ഇഫ്താറിലേക്ക് ഒഴുകിയെത്തിയത്.
പ്രദേശത്തെ മലയാളി കച്ചവടക്കാരും സാമൂഹിക പ്രവര്‍ത്തകരും ഒന്നിച്ചു കൈകോര്‍ത്താണ് ജനകീയ ഇഫ്താറിന് ആതിഥ്യമരുളിയത്. ശറഫിയ്യയുടെ ഹൃദയഭാഗത്തെ തെരുവോരത്ത് വിഭവസമൃദ്ധമായി ഒരുക്കിയ ഇഫ്താറിൽ സ്ഥലത്തെ കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാരും പരിസര പ്രദേശങ്ങളിലെ സാധാരണക്കാരായ മലയാളികളുമാണ് പങ്കെടുത്തത്. ശറഫിയ്യയിലെ കച്ചവടകേന്ദ്രങ്ങളും തെരുവുകളുമെല്ലാം പഴയ പ്രതാപത്തോടെ എന്നും നിലനിൽക്കുമെന്ന സന്ദേശം നൽകുന്നതായിരുന്നു വൻ വിജയമായി മാറിയ ജനകീയ ഇഫ്താർ.
ബേബി നീലാമ്പ്ര, മുജീബ് റീഗൾ, ഫിറോസ് ചെറുകോട്, ചെറി മഞ്ചേരി, യാസർ അറഫാത്, മുസ്തഫ അക്ബർ, അഷ്‌റഫ് ബയ്യ, ബിജു ആക്കോട്, റംഷി, അൻവർ വണ്ടൂർ, ഉനൈസ്, ഷമീം കൊട്ടുകര, മുഷ്‌താഖ്, മുസമ്മിൽ, റഫീഖ് മഞ്ചേരി തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന ഇഫ്താർ സംഗമത്തിന് മറ്റു നിരവധി പേർ സന്നദ്ധ പ്രവർത്തകരായി രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.