ഇഫ്താർ രുചി വിളമ്പി യാംബു റമദാൻ സൂഖ്
text_fieldsയാംബു: ഉത്സവച്ഛായ പകർന്ന് യാംബു അൽശിഫയിലെ ‘റമദാൻ സൂഖ്’. കാലങ്ങളായി ഇഫ്താർ വിഭവങ്ങളുടെ വിൽപനകേന്ദ്രമായി റമദാനിൽ സജീവമാകുന്ന സായാഹ്ന ചന്തയാണിത്. അസ്ർ നമസ്കാര ശേഷം തുറക്കുന്ന ഈ പ്രത്യേക ചന്ത മഗ്രിബ് ബാങ്ക് മുഴങ്ങുന്നതോടെ അവസാനിക്കും. സ്വദേശികളും വിദേശികളും തങ്ങളുടെ ദൈനംദിന നോമ്പുതുറ വിഭവങ്ങൾ വാങ്ങാൻ സകുടുംബം ഇവിടെയെത്തുന്നു. അറേബ്യൻ രുചിഭേദങ്ങൾ ആസ്വദിക്കാൻ എത്തുന്നവർക്ക് ഇഷ്ടവിഭവങ്ങൾ തിരഞ്ഞെടുക്കാൻ ഇവിടെ 50ഓളം സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്.
യമൻ, ലബനാൻ, പാകിസ്താൻ, തുർക്കിയ, ഈജിപ്ത്, ബംഗ്ലാദേശ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ വിശിഷ്ട വിഭവങ്ങൾ ഇവിടെ വിൽപനക്കായി അണിനിരക്കും. വിവിധ രുചിയിലും നിറത്തിലുമുള്ള ജ്യൂസുകൾ, പലതരത്തിലുള്ള സൂബിയ പാക്കറ്റുകൾ, മധുരപലഹാരങ്ങൾ, കുനാഫ, കിബ്ദ, സമൂസ, കബാബ്, കഫ്സ തുടങ്ങിയ ഭക്ഷ്യവിഭവങ്ങൾ തുടങ്ങിയവയെല്ലാം ഇവിടെ ലഭ്യമാണ്. ആടിന്റെ കരൾ കൊണ്ടുള്ള ‘കിബ്ദ’ക്ക് ആവശ്യക്കാർ ഏറെയാണെന്ന് കച്ചവടക്കാർ പറയുന്നു.
ലബനാനികൾ ഉണ്ടാക്കുന്ന വിഭവങ്ങൾ വിൽപന നടത്താൻ അവരുടെ തന്ത്രവും വിളംബരവും സൂഖിൽ സന്ദർശകരെ ആകർഷിക്കുന്നു. ‘കബാബ്’ എന്ന ഫാസ്റ്റ് ഫുഡ് വിഭവം വാങ്ങാൻ സ്വദേശികൾ ധാരാളം എത്തുന്നുണ്ട്. കരിക്കട്ടയുടെ കനൽച്ചൂടിൽ ചുട്ടെടുക്കുന്ന ചിക്കനും മട്ടനും കമ്പിയിൽ കോർത്തു നൽകുന്ന ഭക്ഷണമാണിത്. പരമ്പരാഗത നോമ്പുതുറ വിഭവങ്ങളുമായി സ്വദേശി യുവാക്കളും രംഗത്തുണ്ട്. മജ്ബൂസ്, മൻദു, ബൂഫ്, മുഖൈമാത്ത് തുടങ്ങിയ അറബികൾക്കിഷ്ടമായ വിഭവങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
മദീനയിലെ ‘അജ്വ’ മുതൽ ഈത്തപ്പഴത്തിന്റെ എല്ലായിനങ്ങളും ഇവിടെ വിൽപനക്കുണ്ട്. യാംബുവിലെ പ്രമുഖ റസ്റ്റാറന്റുകളാണ് സ്റ്റാളുകൾ ഒരുക്കിയിരിക്കുന്നത്. റമദാൻ വിഭവങ്ങളുടെ അപൂർവ ശേഖരങ്ങളുടെ കാഴ്ചകൾ കാണാനും വാങ്ങാനും സന്ദർശകർ ധാരാളം എത്തുന്നു. സൗദി യുവാക്കൾക്ക് താൽക്കാലിക തൊഴിലവസരങ്ങൾ ഒരുക്കാനും വീട്ടിൽനിന്നുണ്ടാക്കുന്ന വിശിഷ്ട വിഭവങ്ങൾ വില്പന നടത്താൻ അവസരം നൽകാനും ഈ സൂഖ് ലക്ഷ്യംവെക്കുന്നു. റോയൽ കമീഷൻ അതോറിറ്റി നിശ്ചയിച്ച പ്രത്യേക ടീം മാർക്കറ്റിലെ ശുചിത്വത്തിനും ക്രമീകരണങ്ങൾക്കും സുരക്ഷിതത്വത്തിനും വിൽപന നടത്തുന്ന സാധനങ്ങളുടെ പരിശോധനക്കും മേൽനോട്ടം വഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.