മധുരിക്കുന്ന റമദാൻ ഓർമകളായി ഇഫ്താർ കൂടാരങ്ങൾ
text_fieldsയാംബു: കോവിഡ് കാലത്തിന് മുമ്പുള്ള റമദാെൻറ മധുരിക്കുന്ന ഓർമകൾ പലതും അയവിറക്കുകയാണ് വിശ്വാസികളിപ്പോൾ. മഹാമാരിയുടെ രോഗവ്യാപനം വരുത്തിയ നിയന്ത്രണങ്ങൾ പൂർണമായും പാലിക്കാൻ നിർബന്ധിതമായ സാഹചര്യത്തിൽ നേരത്തേ ഉണ്ടായിരുന്ന പല സംവിധാനങ്ങളും ഒഴിവാക്കിയതിലുള്ള മനോവിഷമം വിശ്വാസികൾക്കുണ്ട്. കോവിഡ് കാലത്തിന് മുമ്പ് റമദാനിൽ യാംബു ജിദ്ദ ഹൈവേ വഴിയുള്ള സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന കാഴ്ചയായിരുന്നു റോഡരികിൽ മിന ടെൻറ് മാതൃകയിൽ സജ്ജീകരിച്ച 'ഇഫ്താർ കൂടാര'ങ്ങൾ.
350 പേർക്ക് നോമ്പുതുറക്കാൻ സൗകര്യമുണ്ടായിരുന്ന ഈ കൂടാരം ഒരുക്കിയിരുന്നത് യാംബു റോയൽ കമീഷൻ സാമൂഹിക സേവന വകുപ്പായിരുന്നു. വാഹനങ്ങൾക്ക് വിശാലമായ പാർക്കിങ് സൗകര്യവും നമസ്കരിക്കാൻ പ്രത്യേക ഇടവുമൊക്കെ ഹൈവേ റോഡിലെ ഈ ഇഫ്താർ കൂടാരങ്ങൾക്ക് സമീപത്തായി ഒരുക്കാറുണ്ടായിരുന്നു. റോഡിനിരുവശവും ഇഫ്താർ കൂടാരത്തിെൻറ വിവരം അറിയിച്ചും നോമ്പുകാരെ സ്വാഗതം ചെയ്തും ബോർഡുകൾ സ്ഥാപിക്കുകയും പതിവായിരുന്നു. ഹൈവേ റോഡിലൂടെ മഗ്രിബ് ബാങ്കിന് മുമ്പ് വാഹനത്തിൽ പോകുന്ന സഞ്ചാരികൾക്ക് നോമ്പു കാലത്തെ വലിയൊരു അത്താണിയായിരുന്നു ഇത്.
വൈകീട്ട് നാലോടെ യാംബു റോയൽ കമീഷൻ നിയോഗിച്ച സന്നദ്ധത പ്രവർത്തകർ ഇവിടെ സജീവമാകാറുണ്ടായിരുന്നു. പള്ളികൾ കേന്ദ്രീകരിച്ചും മറ്റും വിപുലമായ ഇഫ്താറുകൾ സജീവമായി നടക്കുമ്പോഴും ഹൈവേ റോഡിലൂടെ യാത്രക്കാർക്ക് പാതയോരത്തെ ഇത്തരം ഇഫ്താർ കൂടാരങ്ങൾ ആശ്വാസമായിരുന്നു. കടകളില്ലാത്ത പ്രദേശത്തുകൂടെ വാഹനത്തിൽ യാത്ര പോകുന്നവർക്കും പ്രദേശത്തെ താമസക്കാരായ സാധാരണക്കാരായ തൊഴിലാളികൾക്കും ഇഫ്താറിന് സൗകര്യമൊരുക്കുന്ന ഇത്തരം കേന്ദ്രങ്ങൾ നന്മയുടെയും സൗഹാർദത്തിെൻറയും നേർക്കാഴ്ചയായിരുന്നു. നോമ്പുതുറ സമയത്തിനകം ലക്ഷ്യസ്ഥാനത്ത് ഓടിയെത്താൻ വാഹനമോടിക്കുന്നവർ തിരക്ക് കൂട്ടുന്നത് ഒഴിവാക്കാനും ഹൈവേ ഇഫ്താർ കൂടാരങ്ങൾ സഹായകമായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും ഇല്ലാതാകുന്നതോടെ ഇത്തരം നന്മയുടെ കൂടാരങ്ങൾ വീണ്ടും കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.