തമ്പുകൾ തിരിച്ചെത്തി; സംഘടിത ഇഫ്താറുകൾ സജീവം
text_fieldsദമ്മാം: കോവിഡിന്റെ ഇരുണ്ടകാലത്ത് നിന്നുപോയ ഇഫ്താർ തമ്പുകൾ തിരിച്ചെത്തിയത് സാധാരണക്കാരായ നോമ്പുകാർക്ക് ആശ്വാസമാകുന്നു. ദമ്മാം ഇസ്ലാമിക് സെന്ററിന്റെ നേതൃത്വത്തിലാണ് വിവിധ ദേശക്കാർക്ക് പ്രത്യേകമായി ഇഫ്താർ വിഭവങ്ങൾ വിളമ്പിയും വിജ്ഞാന ക്ലാസുകൾ സംഘടിപ്പിച്ചും തമ്പ് ഒരുക്കിയിരിക്കുന്നത്. ഫാക്ടറികളിലും മറ്റും ജോലിചെയ്ത് തളർന്നെത്തുന്നവർക്കും തൊഴിൽരഹിതർക്കും ഉൾപ്പെടെ ആയിരക്കണക്കിന് സാധാരണക്കാർക്ക് ആശ്വാസം നൽകുന്നതാണ് ഇഫ്താർ തമ്പുകൾ. ഓരോ ദേശക്കാർക്കും പ്രത്യേകം തയാറാക്കിയ തമ്പുകളിൽ മാതൃഭാഷയിലുള്ള അറിവുകളും ഉപദേശങ്ങളും നിറഞ്ഞ പ്രസംഗങ്ങൾ കേൾക്കാനുള്ള അവസരവുമുണ്ട്.
ഇഫ്താറുകൾക്ക് സുഹൃത്തുക്കളോടൊപ്പം പോയി നേരത്തെ ഇടംപിടിച്ച് ഒന്നിച്ചിരുന്ന് നോമ്പുതുറന്ന ഗൃഹാതുര അനുഭവങ്ങൾ ദീർഘകാലമായി പ്രവാസം തുടരുന്ന പലർക്കും ആദ്യകാല അനുഭവങ്ങളിൽപെട്ടതാണ്. റമദാൻ വിരുന്നെത്തുന്ന സന്ദേശംകൂടിയായിരുന്നു ഈ തമ്പുകളുടെ നിർമാണംപോലും. ദമ്മാമിൽ പാസ്പോർട്ട് ഓഫിസിന് സമീപമുള്ള വിശാലമായ ഗ്രൗണ്ടിലാണ് നേരത്തെ തമ്പുകൾ നിർമിച്ചിരുന്നത്. എന്നാൽ, ഇവിടെ പുതിയ ഹൈപ്പർ മാർക്കറ്റ് ഉൾപ്പെടെയുള്ളതിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ മുഹമ്മദ് ബിൻ സഊദ് സ്ട്രീറ്റിൽ ശരീഅ കോടതിക്ക് സമീപമാണ് ഇത്തവണ തമ്പുകൾ സ്ഥാപിച്ചിട്ടുള്ളത്. വൈകീട്ട് അഞ്ച് മുതൽ തമ്പുകൾ സജീവമാകും.
അയ്യായിരത്തിലധികം ആളുകൾക്കാണ് ഇവിടെ നോമ്പുതുറ വിഭവങ്ങൾ ഒരുക്കിയിട്ടുള്ളത്. മലയാള വിഭാഗത്തിന് കീഴിലാണ് ഏറ്റവും സജീവമായ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് ഐ.സി.സി മലയാള വിഭാഗം മേധാവി അബ്ദുൽ ജബ്ബാർ അബ്ദുല്ല മദീനി പറഞ്ഞു. മലയാള വിഭാഗം ടെന്‍റിൽ ഇസ്ലാമിക് എക്സിബിഷൻ, വിവിധ വിഷയങ്ങളിൽ ദിനേന ഉദ്ബോധന ക്ലാസുകൾ, പ്രശ്നോത്തരി മത്സരം, സമ്മാന വിതരണം എന്നിവ നടക്കും. വൈകീട്ട് നാല് മുതൽ മുതിർന്നവർക്കും കുട്ടികൾക്കും ഖുർആൻ പാരായണ ഹിഫ്ദ് ക്ലാസുകൾ, മാർച്ച് 31 മുതൽ ഏപ്രിൽ ഏഴുവരെ നിശാ വിജ്ഞാന സദസ്സ് തുടങ്ങി നിരവധി ദഅവ പദ്ധതികൾ ഐ.സി.സിയും ദമ്മാം ഇന്ത്യൻ ഇസ്ലാഹി സെന്‍ററും സഹകരിച്ച് നടപ്പാക്കുമെന്നും മലയാള വിഭാഗം അറിയിച്ചു. ഇതിനായി സെന്‍റർ സന്നദ്ധ പ്രവർത്തകരുടെ വിപുലമായ സ്വാഗതസംഘവും രൂപവത്കരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.