മരുഭൂമിയിൽ ഇടയന്മാർക്കൊപ്പം ഒരു നോമ്പുതുറ
text_fieldsറിയാദ്: അനന്തമായി കിടക്കുന്ന മരുഭൂമിയിൽ ഒട്ടകങ്ങളെയും ആടുകളെയും മേക്കുന്ന നൂറുകണക്കിന് ഇടയന്മാർക്ക് ഒരപൂർവ സായാഹ്നമായി മാറി ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) ഒരുക്കിയ സൗഹൃദ ഇഫ്താർ. നഗരജീവിതത്തിന്റെ പകിട്ടോ പ്രാഥമിക സൗകര്യങ്ങളോ ഇല്ലാത്ത മരുഭൂമിയുടെ ഊഷരതയിൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സാന്ത്വന സ്പർശമായി ഈ നോമ്പുതുറ. വിവിധ ദേശക്കാരും ഭാഷക്കാരുമായ ഇടയന്മാരാണ് അന്തിപ്പൊൻ വെട്ടത്തിൽ ഇഫ്താർ വിരുന്നിൽ ഒത്തുകൂടിയത്. റിയാദ് നഗരത്തിൽനിന്ന് 60 കി.മീറ്റർ അകലെ തുമാമ റോഡിനോട് ചേർന്ന മരുഭൂമിയിലാണ് മുന്നൂറോളം ആളുകൾ സംബന്ധിച്ച ഈ സംഗമം.
ജി.എം.എഫ് ചെയർമാൻ റാഫി പാങ്ങോടിന്റെ നേതൃത്വത്തിലാണ് വേറിട്ട സമാഗമത്തിന് വഴിതുറന്നത്. സഹൃദയരായ കുറെ കുടുംബങ്ങളും ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖരടക്കം നിരവധിയാളുകളും അണിയറയിൽ പ്രവർത്തിച്ചു. പുഷ്പരാജ്, ഡോ. ജയചന്ദ്രൻ, സലിം മാഹി, ജോസഫ് അതിരുങ്കൽ, ജയൻ കൊടുങ്ങല്ലൂർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സംഘടനകളും കൂട്ടായ്മകളും വിരുന്നൊരുക്കുന്ന പതിവു കാഴ്ചകളിൽനിന്ന് വ്യത്യസ്തമായി, കനലെരിയുന്ന ചൂടിലും മണൽ കോച്ചുന്ന തണുപ്പിലും കഴിയുന്ന ഇടയന്മാരെ ഓർക്കാൻ കഴിഞ്ഞത് മലയാളി സാമൂഹിക പ്രവർത്തനത്തിന്റെ സുകൃതമായി വേണം കണക്കാക്കാൻ. മന്തിയടക്കം സമൃദ്ധ ആഹാരവും പഴങ്ങളും പലഹാരങ്ങളും നൽകി അവരോട് ചേർന്നിരിക്കുകയും വരും നാളുകൾക്ക് കരുതലായി ഭക്ഷ്യക്കിറ്റുകൾ നൽകുകയും ചെയ്തു.
ജി.എം.എഫ് റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഷാജി മഠത്തിൽ, സൗദി നാഷനൽ പ്രസിഡൻറ് അബ്ദുൽ അസീസ് പവിത്ര, കോഓഡിനേറ്റർ രാജു പാലക്കാട്, സുബൈർ കുമ്മിൾ, സലിം അത്തിയിൽ, കോയ, സജീർ ചിതറ, നസീർ കുന്നിൽ, നിഷാദ്, ഷാജഹാൻ കാഞ്ഞിരപ്പള്ളി, മജീദ് ചിങ്ങോലി, ഹരികൃഷ്ണൻ കണ്ണൂർ, ഹുസൈൻ വട്ടിയൂർക്കാവ്, ഷാനവാസ് വെമ്പിളി, ഷഫീന, മുന്ന, മോളി, ബൈജു, ഷംസു എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.