സൗഹാർദവും സാഹോദര്യവും പങ്കിട്ട് ഇഫ്താറുകൾ
text_fieldsയാംബു: രാജ്യത്ത് എല്ലായിടങ്ങളിലും സമൂഹ നോമ്പുതുറ സംഗമങ്ങൾ സജീവമായി. സ്വദേശി വിദേശി ഭേദമില്ലാതെ സൗഹാർദവും സാഹോദര്യവും പങ്കിട്ട് സ്നേഹസംഗമമായി മാറുകയാണ് ഇഫ്താറുകൾ.
ഇസ്ലാമിക് സെൻററുകളുടെ (ജാലിയാത്ത്) ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചുവരുന്നത്. പ്രധാനപ്പെട്ട പള്ളികളോടനുബന്ധിച്ച് ഇഫ്താർ കൂടാരങ്ങളിലും നോമ്പുതുറ വിരുന്നുകൾ നടക്കുന്നു. മലയാളി സംഘടനകളും വിവിധ നാട്ടുകൂട്ടായ്മകളും മഹല്ലുകളുടെ കൂട്ടായ്മകളും വരും ദിവസങ്ങളിൽ വിപുല രീതിയിൽ ഇഫ്താർ സംഗമങ്ങളുമായി സജീവമാകും.
പ്രവാസലോകത്തെ വിശ്വാസികൾ പ്രാർഥനകൾക്കും റമദാൻ പ്രഭാഷണങ്ങൾക്കുമൊപ്പം വിവിധ പരിപാടികളും ഇഫ്താർ സംഗമങ്ങളിലുണ്ടാവും.
യാംബു ടൗൺ ഇസ്ലാമിക് സെൻറർ (ജാലിയാത്ത്) ആഭിമുഖ്യത്തിൽ റമദാൻ മുഴുവൻ സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമത്തിന് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു. ടൗണിലുള്ള ലക്കി ഹോട്ടലിന്റെ സമീപത്ത് ജാലിയാത്ത് കേന്ദ്രത്തിനരികെ ഒരുക്കിയ ടെൻറിൽ അഞ്ഞൂറോളം പേർക്ക് നോമ്പുതുറക്കാനും നമസ്കരിക്കാനുമുള്ള സംവിധാനത്തോടെയാണ് ഇഫ്താർ നടത്തുന്നത്. ഡോ. അബ്ദുല്ല, ശൈഖ് ഖാലിദ് അൽ ഉതൈബി തുടങ്ങിയ ജാലിയാത്ത് മേധാവികളും വളൻറിയർമാരുമാണ് സംഗമത്തിന് നേതൃത്വം നൽകുന്നത്.
ഉദ്ഘാടനവേളയിൽ യാംബു ഇസ്ലാമിക് സെൻറർ മേധാവികളും ടൗൺ മസ്ജിദ് ജാമിഅഃ അൽ കബീർ ഇമാം അബ്ദുറഹീം അസുലൈബാനിയും പങ്കെടുത്തു.
മനസ്സ് സ്ഫുടം ചെയ്ത് സമൂഹനന്മക്കായി ജീവിതം ചെലവഴിക്കുമ്പോഴാണ് ജീവിതവിജയം നേടാൻ കഴിയുകയെന്നും ചെയ്ത തെറ്റുകൾ നാഥനോട് ഏറ്റുപറഞ്ഞ് പാശ്ചാത്താപം തേടി നേരായ വഴി സ്വീകരിക്കാൻ വിശ്വാസികൾ തയാറാവണമെന്നും റമദാൻ സന്ദേശത്തിൽ ജാലിയാത്ത് പ്രബോധകർ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.