കസേര താങ്ങി ബജറ്റ് പ്രവാസികളെ അവഗണിച്ചു -കെ.ടി.എ. മുനീർ
text_fieldsജിദ്ദ: പ്രവാസികളുടെ ഒരു വിഷയവും പരിഗണിക്കാത്ത നിരാശജനകമായ ബജറ്റാണ് കേന്ദ്ര സർക്കാർ അവതരിപ്പിച്ചതെന്നും, രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് നിസ്തുലമായ സേവനങ്ങൾ നൽകുന്ന പ്രബല വിഭാഗമായ പ്രവാസികളോട് കടുത്ത അവഗണനയാണ് ഉണ്ടായതെന്നും ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ് കൺവീനർ കെ.ടി.എ. മുനീർ വാർത്താകുറിപ്പിൽ പറഞ്ഞു.
ദേശീയ വിമാന കമ്പനികളുടെ അഭാവത്തിൽ സ്വകാര്യ വിമാനകമ്പനികൾ ടിക്കറ്റ് നിരക്ക് നിയന്ത്രിക്കുന്ന യാതൊരു നിർദേശവും ബജറ്റിലില്ല. സിവിൽ ഏവിയേഷൻ വകുപ്പിനും എയർപോർട്ട് അതോറിറ്റിക്കുമുള്ള വിഹിതത്തിൽ 250 കോടിയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. ഇതുമൂലം എയർപോർട്ട് സർവിസ് ചാർജുകൾ ഇനിയും വർധിപ്പിക്കുന്നതിനുള്ള സാധ്യതയാണ് ബജറ്റ് നല്കുന്നത്.
പ്രവാസി വകുപ്പ് ഇല്ലാതാക്കിയപ്പോൾ മോദി സർക്കാർ പറഞ്ഞിരുന്നത് വിദേശകാര്യ വകുപ്പ് പ്രവാസികളുടെ ക്ഷേമകാര്യങ്ങൾ നോക്കുമെന്നുള്ളതായിരുന്നു, എന്നാൽ ആ വകുപ്പിന്റെ വിഹിതത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 7,000 കോടിയിലധികം രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.
ഈ കുറവ് പരിഹരിക്കാൻ പാസ്പോർട്ട് സേവനങ്ങൾക്കു നിലവിലുള്ള ചാർജുകളിൽ വർധന വരുത്തി വരുമാനം കണ്ടെത്താനുള്ള ഹിഡൻ അജണ്ടയാണ് ബജറ്റ് മുന്നോട്ടു വെക്കുന്നതെന്നു ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.
കേരളത്തിന്റെ പേരു പോലും പരാമർശിക്കാത്ത തികച്ചും നിരാശാജനകമായ ബജറ്റാണ് ഇതെന്നും, അധികാരം നിലനിർത്താൻ സഹായിച്ച പ്രാദേശിക പാർട്ടികോളോട് കൂറ് കാണിക്കുന്ന കസേര താങ്ങി ബജറ്റ് ആണ് ഇതെന്നുമാണ് ആന്ധ്രക്കും ബിഹാറിനും വാരിക്കോരി നൽകിയതിലൂടെ വ്യക്തമാകുന്നതന്നും കെ.ടി.എ. മുനീർ വാർത്താകുറിപ്പിൽ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.