ഐ.എൻ.എൽ പിരിച്ചുവിടൽ നടപടി ധിക്കാരപരമെന്ന് ഐ.എം.സി.സി ജിദ്ദ
text_fieldsജിദ്ദ: പാർട്ടി ശത്രുക്കളുടെ അച്ചാരം വാങ്ങി ഐ.എൻ.എൽ പ്രസ്ഥാനത്തെ പിരിച്ചുവിട്ട പ്രഫ. മുഹമ്മദ് സുലൈമാന്റെ നടപടി ധിക്കാരവും അപലനീയവുമാണെന്നും പ്രസ്ഥാനം കേരളക്കരയിൽ അതിജീവിക്കുമെന്നും ഐ.എം.സി.സി ജിദ്ദ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഇന്ത്യൻ നാഷനൽ ലീഗ് കേരള ഘടകം പിരിച്ചുവിടാൻ സാധുതയില്ലാത്ത നാഷനൽ കമ്മിറ്റിക്ക് അധികാരമില്ല. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുത്ത ഒരു കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞു മാത്രമേ മറ്റൊരു കമ്മിറ്റിക്കു പ്രസക്തിയുള്ളൂ. അതും ഭരണഘടനപ്രകാരം അംഗത്വ അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പു രീതി പ്രകാരം മാത്രം.
അതിനു വിപരീതമായി കേരളത്തിൽ ഐ.എൻ.എൽ എന്ന പ്രസ്ഥാനത്തെ മുച്ചൂടും ഇല്ലാതാക്കാൻ ശ്രമിക്കുന്നവരുടെ കൈകളിലെ പാവയായി പ്രഫ. മുഹമ്മദ് സുലൈമാൻ മാറിയതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കേരള ഘടകം പിരിച്ചുവിടൽ നടപടി. ഇത് ഒരു നിലക്കും അനുവദിക്കില്ല.
പാർട്ടിയെ നശിപ്പിക്കാൻ പാർട്ടിയുമായി ബന്ധമില്ലാത്തവർക്ക് പേരിന് അംഗത്വം കൊടുക്കുകയും അവരെ താക്കോൽ സ്ഥാനത്തു തിരുകിക്കയറ്റി ഗ്രൂപ്പിസം വളർത്തുകയും പ്രവർത്തകർക്കിടയിലും പൊതുസമൂഹത്തിനിടയിലും പാർട്ടി പിളർന്നു എന്ന് വരുത്തിത്തീർക്കുകയും അവസാനം പാർട്ടിയെ പിരിച്ചുവിടുകയും ചെയ്യുന്ന പ്രവൃത്തി തമിഴ്നാട്ടിലും നേരത്തേ ചെയ്തു വിജയിച്ചതാണ്. ഒരിക്കൽ അഞ്ച് എം.എൽ.എമാർവരെ ഉണ്ടായിരുന്ന തമിഴ്നാട്ടിൽ ഇന്ന് പാർട്ടിയെന്ന സംവിധാനം വളരെ താഴ്ചയിലാണ്. തമിഴ്നാട്ടിലും പാർട്ടിയെ രണ്ടും മൂന്നുമായി പിളർത്തി. മുസ്ലിം ലീഗ് നേതാക്കളുടെ പിന്തുണയോടെയാണ് പ്രഫ. മുഹമ്മദ് സുലൈമാനും സംഘവും ഈ പണിക്കു തുടക്കമിട്ടത്. ഒരുപാട് ഐ.എൻ.എൽ നേതാക്കളെ അകാരണമായി പുറത്താക്കുകയും പൊതുധാരയിൽനിന്ന് അകറ്റുകയും ചെയ്തു. പ്രവർത്തകർക്കിടയിൽ നീരസം വളർത്തുകയും അവസാനം ഐ.എൻ.എൽ തമിഴ്നാട് ഘടകം പിരിച്ചുവിടുകയും ചെയ്തു.
ഇതുതന്നെയാണ് കേരള ഘടകത്തിലും പ്രയോഗിക്കുന്നത്. അതോടെ ഐ.എൻ.എൽ കേരളത്തിലും കുഴിച്ചുമൂടപ്പെടും എന്ന മൂഢസ്വപ്നം മാത്രമാണ് ഈ പാർട്ടി ശത്രുക്കൾക്കുള്ളത്. പാർട്ടി ഭരണഘടന പ്രകാരം അനുശാസിക്കുന്ന ഒരു വ്യവസ്ഥയും പാലിക്കാതെ ഒരു തട്ടിക്കൂട്ടൽ ടീം മാത്രമാണ് ദേശീയ നേതൃത്വം എന്ന പേരിൽ അറിയപ്പെടുന്നത്.
പാർട്ടിയിൽ ഇബ്രാഹിം സുലൈമാൻ സേട്ടിന് മാത്രം ഉണ്ടായിരുന്ന ചില അനുകൂല ഘടകങ്ങൾ അദ്ദേഹത്തിനുശേഷം പാർട്ടി രജിസ്ട്രേഷനും ഘടനയും പതുക്കെ തട്ടിയെടുത്ത് തന്റെ ചൊൽപടിയിലാക്കുകയും പാർട്ടിയുമായി ബന്ധമില്ലാത്ത ഒരു നാൽവർ സംഘത്തെ വളർത്തിയെടുക്കുകയും പാർട്ടിയുടെ ആജീവനാന്ത പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ചും തെരഞ്ഞെടുപ്പുപോലും ഇന്നേവരെ നടത്താതെ 17 വർഷമായി നടക്കുന്ന ഈ പൊറാട്ടു നാടകത്തെ ദേശീയ കമ്മിറ്റിയായി നാമകരണം ചെയ്തിരിക്കുകയാണ്. ഈ സംഘം നടത്തുന്ന ട്രാവൽസിലെ ജീവനക്കാരും ഐ.എൻ.എൽ ദേശീയ സെക്രട്ടറിമാരാണ് എന്നതാണ് പ്രസ്തുത ദേശീയ കമ്മിറ്റിയുടെ മഹത്ത്വം. ഈ സംഘത്തിന്റെ കൈകളിൽനിന്ന് ഐ.എൻ.എൽ പ്രസ്ഥാനത്തെ രക്ഷപ്പെടുത്തേണ്ടത് പൊതുസമൂഹത്തിന്റെ കടമയാണ്. അതിന് എന്തുവില കൊടുക്കാനും ഐ.എം.സി.സി ജിദ്ദ കമ്മിറ്റി പ്രതിജ്ഞാബദ്ധമാണ്. പിരിച്ചുവിട്ട നടപടി സാധുതയില്ലാത്തതിനാൽ അവ അംഗീകരിക്കില്ലെന്നും പ്രഫ. എ.പി. അബ്ദുൽ വഹാബിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കു പൂർണ പിന്തുണ നൽകാനും ജിദ്ദ കമ്മിറ്റി തീരുമാനിച്ചു.
ഓൺലൈൻ യോഗം ഐ.എം.സി.സി നാഷനൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്തു. മുഹ്യിദ്ദീൻ ഹാജി, മജീദ് ഗൾഫ് മെഡിക്കൽ, ഷാജി അരിമ്പ്രത്തൊടി, സി.എച്ച്. ജലീൽ, ഇബ്രാഹിം വേങ്ങര, മുഹമ്മദലി ഇരുമ്പുചോല, മുഹമ്മദ് ഒതുക്കുങ്ങൽ, ഷൗക്കത്തലി തുവ്വൂർ, അഷ്റഫ് വേങ്ങര, സലിം കോഡൂർ, ഇസ്ഹാഖ് മാരിയാട്, ഇസ്മാഈൽ ഒ.സി, മുസ്തഫ, മുഹമ്മദ് കുട്ടി തേഞ്ഞിപ്പലം, ലുഖ്മാൻ തിരൂരങ്ങാടി, പി.കെ. അലി, നവാസ്, നൗഷാദ് ബാബ് മക്ക, ഹാരിസ് കവുങ്ങുംതോട്ടത്തിൽ, നിയാസ്, ഷാജി കൊണ്ടോട്ടി, മൂസ ഒതുക്കുങ്ങൽ, ഷംനാദ് എന്നിവർ സംസാരിച്ചു. എ.പി.എ. ഗഫൂർ സ്വഗതവും മൻസൂർ വണ്ടൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.