സൗദിയുടെ നേട്ടങ്ങളെ കുറിച്ച് ഐ.എം.എഫ് റിപ്പോർട്ട്; ആഹ്ലാദം പ്രകടിപ്പിച്ച് സൗദി മന്ത്രിസഭ
text_fieldsസൗദി മന്ത്രിസഭ യോഗത്തിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ അധ്യക്ഷത വഹിക്കുന്നു
റിയാദ്: സൗദി അറേബ്യയുടെ നേട്ടങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര നാണയനിധിയുടെ (ഐ.എം.എഫ്) റിപ്പോർട്ടിനെ പ്രശംസിച്ചും ആഹ്ലാദം പ്രകടിപ്പിച്ചും സൗദി മന്ത്രിസഭ. ചൊവ്വാഴ്ച കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ റിയാദിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണിത്.
അന്താരാഷ്ട്ര സഹകരണം വർധിപ്പിക്കുന്നതിൽ രാജ്യത്തിന്റെ നേതൃപരമായ പങ്ക്, ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ത്വരിതപ്പെടുത്തിയ ചുവടുവെപ്പുകൾ, സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും സാമ്പത്തിക അടിത്തറ വികസിപ്പിക്കാനും സമഗ്രമായ ഘടനാപരമായ പരിഷ്കാരങ്ങളുടെ പ്രക്രിയ തുടരാനും സൗദി തുടർച്ചയായി നടത്തുന്ന ശ്രമങ്ങൾ തുടങ്ങി രാജ്യത്തിന്റെ നേട്ടങ്ങളെക്കുറിച്ചാണ് ഐ.എം.എഫിന്റെ റിപ്പോർട്ട്.
റിയാദ് വേദിയായ ജി.സി.സി മന്ത്രിതല സമിതി യോഗത്തിന്റെയും റഷ്യ, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളുമായുള്ള സംയുക്ത യോഗങ്ങളുടെയും ഉള്ളടക്കത്തെയും തീരുമാനങ്ങളെയും മന്ത്രിസഭ സ്വാഗതം ചെയ്തു. എല്ലാ തലങ്ങളിലും ഗൾഫ് സഹകരണ കൗൺസിലിന്റെ ജോലികൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും മറ്റ് രാജ്യങ്ങളുമായും ഗ്രൂപ്പുകളുമായും ഗൾഫ് ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിരന്തര ശ്രമങ്ങളെ പിന്തുണക്കുന്നതിനുള്ള സൗദി അറേബ്യയുടെ താൽപര്യം മന്ത്രിസഭ ഊന്നിപ്പറഞ്ഞു.
റഷ്യൻ വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ ഉള്ളടക്കത്തെക്കുറിച്ചും രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സഹകരണ ബന്ധങ്ങളും അവയെ പിന്തുണക്കാനും മെച്ചപ്പെടുത്താനുമുള്ള വഴികൾ അവലോകനം ചെയ്യാനുള്ള കാര്യങ്ങളും കിരീടാവകാശി മന്ത്രിസഭയെ അറിയിച്ചു. പ്രാദേശികവും അന്തർദേശീയവുമായ ഏറ്റവും പുതിയ സംഭവവികാസങ്ങളും സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ചർച്ച ചെയ്തു.
സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനും ഫലസ്തീൻ ജനതയുടെ നിയമാനുസൃത അവകാശങ്ങൾ പുനഃസ്ഥാപിക്കാനും ഇസ്രായേൽ അധിനിവേശ സേനയുടെ അന്താരാഷ്ട്ര, മാനുഷിക നിയമങ്ങളുടെ ലംഘനങ്ങൾ തടയാനും വേണ്ടിയുള്ള അറബ്-ഇസ്ലാമിക് നടപടികൾ മന്ത്രിസഭ വിലയിരുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.