ഗസ്സയിൽ ഉടനടി വെടിനിർത്തൽ ആവശ്യപ്പെട്ട് സൗദി മന്ത്രിസഭ
text_fieldsജിദ്ദ: ഗസ്സയിൽ ഉടനടി വെടിനിർത്തൽ നടത്തണമെന്നും ഫലസ്തീൻജനതയെ നിർബന്ധിതമായി കുടിയൊഴിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും സൗദി മന്ത്രിസഭ. റിയാദിൽ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഗസ്സയിലെ ജനങ്ങൾക്കെതിരെ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. അടിയന്തര വെടിനിർത്തലിനും ഗസ്സയിലെ ഉപരോധം പിൻവലിക്കുന്നതിനും സമാധാനപ്രക്രിയ മുന്നോട്ട് കൊണ്ടുപോകുന്നതിനും മന്ത്രിസഭ ആവശ്യപ്പെട്ടു.
സുരക്ഷ കൗൺസിലിന്റെയും ഐക്യരാഷ്ട്ര സഭയുടെയും പ്രമേയങ്ങൾക്കും അറബ് സമാധാന സംരംഭങ്ങൾക്ക് അനുസൃതമായും കിഴക്കൻ ജറൂസലം തലസ്ഥാനമായി 1967ലെ അതിർത്തിയിൽ ഒരു സ്വതന്ത്ര ഫലസ്തീൻരാഷ്ട്രം സ്ഥാപിക്കണമെന്നും മന്ത്രിസഭ ആവശ്യപ്പെട്ടു.
ഗസ്സയിലെയും പരിസരങ്ങളിലെയും വർധിച്ചുവരുന്ന സംഘർഷവും സൈനികമുന്നേറ്റവും സംബന്ധിച്ച് സൗദിയും നിരവധി സഹോദര സൗഹൃദ രാജ്യങ്ങളും തമ്മിൽ നടന്ന ചർച്ചകളുടെ ഉള്ളടക്കം മന്ത്രിസഭ വിലയിരുത്തി.
തുർക്കിയ, ഇറാൻ, ഫ്രഞ്ച് പ്രസിഡൻറുമാരിൽനിന്ന് കിരീടാവകാശിക്ക് ലഭിച്ച ഫോൺ കോളുകളും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചയും ഉൾപ്പെടെ മന്ത്രിസഭ ചർച്ച ചെയ്തു. പരിശോധനക്കും നിരീക്ഷണത്തിനും ദേശീയകേന്ദ്രം സ്ഥാപിക്കുന്നതിനും പ്രതിരോധ വികസനത്തിനുള്ള ജനറൽ അതോറിറ്റി സംഘടിപ്പിക്കാനും മന്ത്രിസഭ അനുമതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.