പ്രവാസി വിഷയം: തെൻറ ഓഫിസിൽ പ്രത്യേക സംവിധാനമൊരുക്കും –വി.ഡി.സതീശൻ
text_fieldsജിദ്ദ: സാമൂഹിക, സംസ്കാരിക, സാമ്പത്തിക മേഖലക്ക് വിലപ്പെട്ട സംഭാവനകളർപ്പിക്കുന്ന പ്രവാസി സമൂഹത്തെ അർഹമായ രീതിയിൽ പരിഗണിക്കുന്നതിന് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ശ്രമിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
പ്രവാസി വിഷയങ്ങൾ പ്രത്യേകമായി കൈകാര്യം ചെയ്യുന്നതിനായി തെൻറ ഓഫിസിൽ പ്രത്യേക സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിയുടെ പ്രതിസന്ധി ഏറ്റവുമധികം പ്രയാസത്തിലാക്കിയ പ്രവാസികളുടെ വിവിധ വിഷയങ്ങളിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഒ.ഐ.സി.സി - ഇൻകാസ് ഭാരവാഹികൾ നൽകിയ നിവേദനം സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു വി.ഡി. സതീശൻ എം.എൽ.എ. ഒരു വർഷത്തിലധികമായി സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് മടക്കയാത്രക്കായി പ്രയാസപ്പെടുന്ന പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുക, കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചത്.
പ്രവാസി എന്നനിലക്ക് രണ്ടാമത്തെ ഡോസ് കിട്ടിയാൽ ആ വിവരം കേന്ദ്ര സർക്കാറിെൻറ രേഖകളിൽ കാണാത്തതും സംസ്ഥാന സർക്കാർ നൽകുന്ന സർട്ടിഫിക്കറ്റിൽ ഡോസുകൾ നൽകിയ തീയതിയും വാക്സിൻ ബാച്ച് നമ്പറും ഇല്ലാത്തതും സർട്ടിഫിക്കറ്റ് വിദേശങ്ങളിൽ അംഗീകരിക്കുന്ന നിലവാരത്തിലുള്ളതല്ലാത്തതും വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.
മടക്കയാത്ര സാധ്യമാകാതെ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് സാമ്പത്തിക സഹായം നൽകുക, പ്രവാസി പുനരധിവാസ പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കുക, പാവപ്പെട്ട പ്രവാസികളുടെ റേഷൻ കാർഡ് തരം തിരിക്കുന്ന രീതി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. റേഷൻ കാർഡ് വെള്ളം നിറമായി തരം തിരിക്കുന്നത് കാരണം ഉപരിപഠനത്തിന് സഹായം ലഭിക്കുന്നതിനുവരെ തടസ്സങ്ങൾ ഉണ്ടാകുന്നു.
പ്രവാസി വിദ്യാർഥി എന്നപേരിൽ വൻ തോതിൽ ഈടാക്കുന്ന എൻ.ആർ.ഐ ഫീസ് കുറക്കുക, വാക്സിനേഷൻ കഴിഞ്ഞ പ്രവാസികൾക്ക് ഇന്ത്യയിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് നേരിട്ട് യാത്ര ചെയ്യുന്നതിനായുള്ള അനുവാദത്തിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വികരിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങളാണ് ഗൾഫ് രാജ്യങ്ങളിലെ ഒ.ഐ.സി.സി, ഇൻകാസ് നേതാക്കൾ ഉൾപ്പെട്ട സംഘം നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. വിവിധ രാജ്യങ്ങളിലെ ഒ.ഐ.സി.സി, ഇൻകാസ് ഭാരവാഹികളായ മഹാദേവൻ വാഴശ്ശേരിയിൽ, രാജു കല്ലുപുറം, കെ.ടി.എ. മുനീർ, ബിജു കല്ലുമല, ചന്ദ്രൻ കല്ലട, സിദ്ദീഖ് ഹസ്സൻ, ശങ്കരപ്പിള്ള കുംബളത്ത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.