സൗദി കാപ്പിയുടെ പ്രാധാന്യം; ആഗോള പ്രചാരണ കാമ്പയിന് സമാപനം
text_fieldsദമ്മാം: ലോകത്തിന്‍റെ വിവിധയിടങ്ങളിലേക്ക് സൗദി കാപ്പിയുടെ രുചി പടർത്തുക എന്ന ലക്ഷ്യത്തോടെ സൗദി സാംസ്കാരിക മന്ത്രാലയം സംഘടിപ്പിച്ച ഒരാഴ്ചത്തെ ആഗോള കാമ്പയിൻ സമാപിച്ചു. അന്താരാഷ്ട്ര കോഫി ദിനാചരണത്തോടനുബന്ധിച്ച് 'സൗദി കാപ്പി 2022'ന്റെ ഭാഗമായി കഴിഞ്ഞ ആഴ്ചയാണ് കാമ്പയിന് തുടക്കം കുറിച്ചത്. കേവലം ഒരു പാനീയം എന്നതിനപ്പുറത്ത് സൗദി കാപ്പിയുടെ സാംസ്കാരിക മൂല്യവും ദേശീയ വ്യക്തിത്വവും അത് പ്രതിനിധാനംചെയ്യുന്ന ബന്ധത്തിന്‍റേയും ഉദാരതയുടെയും ആതിഥ്യമര്യാദയുടെയും പ്രതീകമായി കാപ്പിയെ ലോകത്തിന്‍റെ മുന്നിൽ അവതരിപ്പിക്കുക എന്നതായിരുന്നു കാമ്പയിന്‍റെ ലക്ഷ്യം.
ഇതിന്‍റെ ഭാഗമായി ന്യൂയോർക്, ലണ്ടൻ, റോം, പാരിസ് എന്നിവിടങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രചാരണപരിപാടികൾ നടന്നു. നഗരചത്വരങ്ങളിലും പ്രധാന റോഡുകളിലുമുള്ള ഹോർഡിങ്ങുകളിലും വലിയ സ്‌ക്രീനുകളിലും സൗദി കാപ്പിയെക്കുറിച്ചുള്ള പരസ്യങ്ങൾ നൽകി. ലോകത്തിലെ ഏറ്റവും വലിയ കാപ്പി ഉപഭോക്താക്കളിൽ ഒന്നാണ് സൗദി അറേബ്യ. 'വിഷൻ 2030'ന്‍റെ ഭാഗമായി കാപ്പി ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്നതാണ് പരിഷ്കരണ, പ്രചാരണ പദ്ധതികളുടെ ലക്ഷ്യം.
ലോകത്തിലെ വലിയ കാപ്പി വിതരണ ശൃംഖലയായ സ്റ്റാർബക്‌സിൽനിന്നുള്ള പ്രതിനിധിസംഘം അടുത്തകാലത്ത് സൗദി സന്ദർശിച്ചിരുന്നു. കൂടുതൽ കാപ്പി കൃഷിചെയ്യുന്ന തെക്കുപടിഞ്ഞാറുള്ള ജീസാൻ പ്രദേശമാണ് അവർ സന്ദർശിച്ചത്. ഈ മേഖലയിലെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് കാപ്പി ഉൽപാദനം.ജിസാൻ 'ഖവ്‌ലാനി കാപ്പി' കൃഷിയുടെ ആസ്ഥാനമാണ്. സ്റ്റാർ ബക്സ് പോലുള്ള കമ്പനിയുമായുള്ള ആഗോള പങ്കാളിത്തം ഇതിന്‍റെ ഉൽപാദനത്തെയും വിപണനത്തെയും ഏറെ സഹായിക്കും.
ലോകമെമ്പാടുമുള്ള സ്റ്റാർ ബക്സ് റിസർവ് കോഫി ഷോപ്പുകളിൽ ഉയർന്ന നിലവാരമുള്ള സൗദി കാപ്പിക്കുരു ഉപയോഗപ്പെടുത്തുന്നതിനുള്ള സാധ്യതകൾ പ്രതിനിധി സംഘം ചർച്ചചെയ്തത് പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്. കാപ്പി കേവലം ഒരു പാനീയമോ ശീലമോ മാത്രമല്ല. ഓരോരുത്തരുടെയും ജീവിതത്തിൽ കൃത്യമായി സ്വാധീനം ചെലുത്തുന്ന ഒന്നാണ്.
അറബ് ജീവിതത്തിൽ കാപ്പിക്ക് വലിയ പങ്കാണുള്ളത്.പലപ്പോഴും സംഘർഷഭരിതമായ ജീവിതത്തിൽ നിന്നുള്ള വിടുതലും പ്രധാന തീരുമാനങ്ങളുടെ രൂപവത്കരണവും കാപ്പിക്കൊപ്പമാണ്.രുചിയും മണവും അന്തസ്സും ഒത്തുചേർന്ന അറബ് കാപ്പിയുടെ രുചിയെ ലോകത്തിന്‍റെ മുന്നിൽ ഉയർത്തിക്കാട്ടുകയും പ്രതീകമായി അവതരിപ്പിക്കുകയും അതിന്‍റെ ലക്ഷ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.