സൗദിയിൽ ഈദുഗാഹുകൾ കൂടാതെ 20,000-ൽ പരം പള്ളികളിലും പെരുന്നാൾ നമസ്കാരം
text_fieldsറിയാദ്: ഈദ് ഗാഹുകൾ കൂടാതെ രാജ്യത്തുടനീളമുള്ള 20,700 പള്ളികളിലും ഈദ് അൽ ഫിത്ർ നമസ്കാരം നടത്താൻ നിർദേശം നൽകി ഇസ്‌ലാമിക മന്ത്രാലയം. സുരക്ഷാ മാർഗങ്ങൾ അവലംബിക്കാനും മറ്റ് മുന്നൊരുക്കങ്ങൾ നടത്താനും പ്രവിശ്യ ഓഫീസുകൾക്ക് മന്ത്രാലയം നിർദേശം നൽകി. സൂര്യോദയത്തിന് 15 മിനിട്ടുനുശേഷം പെരുന്നാൾ നമസ്കാരം നിർവഹിക്കാം.
മസ്ജിദുകളുടെ അറ്റകുറ്റപ്പണികളും ശുചീകരണ പ്രവർത്തനങ്ങളും നടത്താൻ നേരത്തെ നിർദേശം നൽകിയ മന്ത്രാലയം വനിതകളടക്കം 6,000-ലധികം പേരെ ഇതുമായി ബന്ധപ്പെട്ട ജോലികൾക്ക് നിയോഗിച്ചതായി അറിയിച്ചു. ഈദുൽ ഫിത്ർ വെള്ളിയാഴ്ചയാണെങ്കിൽ, ഈദ് പ്രാർഥനയിൽ പങ്കെടുത്ത വ്യക്തിക്ക് വെള്ളിയാഴ്ച പ്രാർഥനയിൽ (ജുമുഅ നമസ്കാരം) നിന്ന് വിട്ടുനിൽക്കാൻ അനുവാദമുണ്ടെന്ന സൗദി പണ്ഡിത സ്ഥിരംസമിതിയുടെ ഫത്‌വ പള്ളി ജീവനക്കാരെ അറിയിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ചയിലെ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തവർ ജുമുഅ നമസ്കാരവും നിർവഹിച്ചാൽ അതാണ് ഉത്തമം. അതില്ലെങ്കിൽ ദുഹ്ർ നമസ്കാരം
നിർവഹിച്ചാൽ മതിയാകും. എന്നാൽ അത് നിർബന്ധമാണ്. പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കാത്ത വ്യക്തിക്ക് ഈ ഇളവ് ഉപയോഗിക്കാൻ അർഹതയില്ല. അയാൾ ജുമുഅ നമസ്കരിക്കാൻ ബാധ്യസ്ഥനാണ്.
വെള്ളിയാഴ്ച പെരുന്നാൾ നമസ്‌കാരം നിർവഹിക്കുന്നവർക്ക് ജുമുഅ നമസ്‌കാരവും ദുഹ്‌ർ നമസ്‌കാരവും നിർബന്ധമല്ലെന്ന പ്രചാരണം തെറ്റാണെന്നും ഇത് പ്രവാചക ചര്യക്ക് വിരുദ്ധമാണെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പെരുന്നാൾ നമസ്‌കാരത്തിനെത്തിയവർ ജുമുഅ നമസ്‌കാരം നിർവഹിച്ചില്ലെങ്കിൽ ദുഹ്‌ർ നമസ്‌കരിക്കണമെന്ന ഫത്‌വ മന്ത്രാലയത്തിെൻറ സർക്കുലറിൽ ഉദ്ധരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.