നാല് മെഡിക്കൽ ജോലികളിൽ സ്വദേശിവത്കരണ തോത് ഉയർത്തുന്നു
text_fieldsറിയാദ്: സൗദിയിൽ സ്വകാര്യ ആരോഗ്യ മേഖലയിലെ നാലു തൊഴിലുകളിൽ സ്വദേശിവത്കരണ തോത് ഉയർത്തുന്നു. റേഡിയോളജി തസ്തികയിൽ 65 ശതമാനം, മെഡിക്കൽ ലബോറട്ടറി ജോലികളിൽ 70 ശതമാനം, ന്യൂട്രിഷ്യൻ തസ്തികയിൽ എട്ട് ശതമാനം, ഫിസിയോതെറപ്പിയിൽ 80 ശതമാനം എന്നിങ്ങനെയാണ് സ്വദേശിവത്കരണ തോത് ഉയർത്തുന്നത്. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് നിയമം നടപ്പാക്കുന്നത്.
ഇത് രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു. ആദ്യഘട്ടം ആറ് മാസത്തിന് ശേഷം (2025 ഏപ്രിൽ 17ന്) ആരംഭിക്കും. റിയാദ്, മക്ക, മദീന, ജിദ്ദ, ദമ്മാം, അൽ ഖോബാർ എന്നീ പ്രധാന നഗരങ്ങളിലെ എല്ലാ സ്ഥാപനങ്ങൾക്കും ബാക്കിയുള്ള പ്രദേശങ്ങളിലെ വലിയ സ്ഥാപനങ്ങൾക്കും ഈ തീരുമാനങ്ങൾ ബാധകമാകും. 2025 ഒക്ടോബർ 17നാണ് രണ്ടാംഘട്ടം തുടങ്ങുക. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലെയും എല്ല സ്ഥാപനങ്ങൾക്കും തീരുമാനം ബാധകമാകും.
ആരോഗ്യ തൊഴിലുകളുടെ സ്വദേശിവത്കരണ നിരക്ക് ഉയർത്തുന്നതിനുള്ള തീരുമാനങ്ങൾ (മെഡിക്കൽ ലബോറട്ടറികൾ, റേഡിയോളജി, ന്യൂട്രിഷ്യൻ, ഫിസിയോതെറപ്പി) ആരോഗ്യ തൊഴിലുകളെ സ്വദേശിവത്കരിക്കാനുള്ള മുൻ തീരുമാനങ്ങളുടെ തുടർച്ചയാണ്. തൊഴിൽവിപണിയുടെ തന്ത്രത്തിന്റെയും ആരോഗ്യമേഖലയിലെ പരിവർത്തന പരിപാടിയുടെയും ഭാഗമായി ദേശീയ കഴിവുകളെ പിന്തുണക്കുന്നതിനും യുവാക്കളെയും യുവതികളെയും തൊഴിലവസരങ്ങളോടെ ശാക്തീകരിക്കുന്നതിനുമുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമാണ്.
രാജ്യത്തെ എല്ലാ മേഖലകളിലും ഗുണപരവും ആകർഷകവുമായ തൊഴിലവസരങ്ങൾ നേടുന്നതിന് ആരോഗ്യമേഖലയിലെ ദേശീയ കേഡർമാരെ പ്രാപ്തരാക്കുകയെന്നതും ഈ തീരുമാനം ലക്ഷ്യമിടുന്നു. തൊഴിൽ വിപണിയുടെയും ആരോഗ്യ പ്രഫഷനലുകളുടെയും സ്പെഷലൈസേഷനുകളുടെ ആവശ്യകതകൾക്കനുസൃതമായി തീരുമാനം നടപ്പാക്കുന്നതിന്റെ തുടർനടപടികൾ ആരോഗ്യ മന്ത്രാലയം നിരീക്ഷിക്കും. മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ നടപടിക്രമം സംബന്ധിച്ച ഗൈഡ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.