മക്ക ഹറമിൽ ആരോഗ്യ പരിശോധന വർധിപ്പിച്ചു
text_fieldsജിദ്ദ: മക്ക ഹറമിലെത്തുന്ന ഉംറ തീർഥാടകരുടെയും നമസ്കരിക്കാനെത്തുന്നവരുടെയും എണ്ണം കൂടിയതോടെ ആരോഗ്യ പരിശോധന സംവിധാനങ്ങൾ വർധിപ്പിച്ചു. തീർഥാടകരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനായി നിരവധി തെർമോ കാമറകളാണ് കവാടങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്.ഉംറ തീർഥാടനം മൂന്നാംഘട്ടത്തിൽ പരിശോധന നടപടികൾ ശക്തമാക്കിയതായി മസ്ജിദുൽ ഹറാം പ്രതിരോധ, പകർച്ചവ്യാധി നിയന്ത്രണ വിഭാഗം ഡയറക്ടർ ഹസ്സൻ അൽസുവൈരി പറഞ്ഞു.
കോവിഡ് വ്യാപനം തടയാൻ നിരവധി പ്രതിരോധ, മുൻകരുതൽ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. തിരക്കൊഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും പ്രവേശന കവാടങ്ങളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. അതോടൊപ്പം താപ പരിശോധന കാമറകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. കോവിഡ് ബാധ ലക്ഷണങ്ങളുള്ളവരെ കണ്ടെത്താൻ കഴിയുന്നതാണ് താപ നിരീക്ഷണ കാമറകൾ. ആറ് മീറ്റർ അകലെനിന്ന് നിരീക്ഷിക്കാനുള്ള കഴിവുണ്ട്.ഉയർന്ന പ്രവർത്തന ശേഷിയും റെസലൂഷനുമുള്ളതാണ്. ഉയർന്ന താപനിലയുള്ള സന്ദർശകനെ തിരിച്ചറിയാൻ ഇതിലൂടെ സാധിക്കുമെന്നും പ്രതിരോധ, പകർച്ചവ്യാധി നിയന്ത്രണ വിഭാഗം ഡയറക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.