ഒരാഴ്ചക്കിടയിൽ 21,971 പ്രവാസി നിയമലംഘകർ പിടിയിൽ
text_fieldsഅൽ ഖോബാർ: തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ചതിന് ഒരാഴ്ചക്കിടയിൽ 21,971 വിദേശികൾ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽനിന്ന് പിടിയിലായെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷാസേനയും ബന്ധപ്പെട്ട സർക്കാർ ഏജൻസികളും സംയുക്തമായി നടത്തിയ ഫീൽഡ് സെക്യൂരിറ്റി പരിശോധനയ്ക്കിടെയാണ് അറസ്റ്റുണ്ടായത്. 13,186 താമസനിയമ ലംഘകരും 5,427 അതിർത്തി സുരക്ഷാ ലംഘകരും 3,358 തൊഴിൽ നിയമ ലംഘകരുമാണ് പിടിയിലായത്.
രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായത് 1421 പേരാണ്. അവരിൽ 34 ശതമാനം യമൻ പൗരന്മാരും 64 ശതമാനം ഇത്യോപ്യൻ പൗരന്മാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. 53 പേർ നിയമവിരുദ്ധമായി രാജ്യത്തുനിന്നും കടക്കാനുള്ള ശ്രമത്തിനിടെ അറസ്റ്റിലായി. 13,885 പുരുഷന്മാരും 1,890 സ്ത്രീകളും ഉൾപ്പെടെ ആകെ 15,775 പേർക്കെതിരെയുള്ള ശിക്ഷാനടപടികളുടെ ഭാഗമായി നിയമനടപടികൾക്ക് വിധേയരാകുകയാണ്.
മൊത്തം 8,370 നിയമലംഘകരെ യാത്രാരേഖകൾ ലഭിക്കുന്നതിന് അവരുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്തു. 2,054 നിയമലംഘകരെ അവരുടെ യാത്രാ റിസർവേഷൻ പൂർത്തിയാക്കാൻ റഫർ ചെയ്തു. അതേസമയം 12,355 നിയമലംഘകരെ നാടുകടത്തി. അനധികൃതർക്ക് സഹായമോ സേവനമോ നൽകുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളും അഭയം നൽകാൻ ഉപയോഗിക്കുന്ന വീടുകളും കണ്ടുകെട്ടും. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും രാജ്യത്തിെൻറ മറ്റ് പ്രദേശങ്ങളിൽ 999, 996 എന്നീ നമ്പറുകളിലും റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.