ഒരു വർഷത്തിനിടെ പുതിയ ചെറുകിട സ്ഥാപനങ്ങൾ അരലക്ഷം കവിഞ്ഞു
text_fieldsറിയാദ്: സൗദി അറേബ്യയിൽ ഒരു വർഷത്തിനിടെ പുതിയ ചെറുകിട വാണിജ്യ, വ്യാപാര സ്ഥാപനങ്ങളുടെ എണ്ണം അരലക്ഷം കവിഞ്ഞു. 40ൽ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളുടെ എണ്ണത്തിലാണ് വർധന. സൗദി പൗരന്മാരുടെ കീഴിലും വിദേശ നിക്ഷേപത്തിന് കീഴിലുമുള്ള സ്ഥാപനങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ടെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു. ചെറുകിട മേഖലയിൽ 5,80,000 സ്ഥാപനങ്ങളാണ് ഉള്ളത്. ഒരു വർഷത്തിനിടെ 55,736 സ്ഥാപനങ്ങളാണ് പുതുതായി തുടങ്ങിയതെന്ന് കണക്കുകൾ പറയുന്നു.
ചെറുകിട -ഇടത്തരം സ്ഥാപനങ്ങൾക്കുള്ള അതോറിറ്റിയുടേതാണ് കണക്ക്. ചില സ്ഥാപനങ്ങൾ സാമ്പത്തിക പ്രശ്നങ്ങൾ കാരണം പൂട്ടി. എങ്കിലും പുതുതായി തുടങ്ങുന്നവയുടെ എണ്ണം 10 ശതമാനമാണ് വർധിച്ചത്. സ്വകാര്യ മേഖലയിൽ സൗദി പൗരന്മാർക്ക് സ്ഥാപനങ്ങൾ തുടങ്ങാൻ വായ്പ അനുവദിച്ചത് പ്രധാന നേട്ടമായി. സൗദികളുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരിൽ നല്ലൊരു പങ്കും പ്രവാസികളാണ്. ഈ വർഷാവസാനം വരെ സർക്കാർ ഫീസുകളിലും ഇളവ് നൽകിയിരുന്നു.
ഇത് ഉപയോഗപ്പെടുത്തി നിരവധി സ്ഥാപനങ്ങൾക്ക് ലെവിയും ഒഴിവാക്കിക്കൊടുത്തു. ഈ സൗജന്യം ഡിസംബറിൽ അവസാനിക്കും. വിദേശികൾക്ക് സൗദി ജനറൽ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി (സാഗിയ) വഴി നിക്ഷേപത്തിലൂടെ സ്ഥാപനം തുടങ്ങാൻ അനുമതിയുണ്ട്. സ്പോൺസറില്ലാതെ തുടങ്ങാവുന്ന ഇത്തരം നിക്ഷേപ പദ്ധതികളും വർധിച്ചിട്ടുണ്ട്. കോവിഡ് സാഹചര്യം നേരിടാൻ ചെറുകിട സ്ഥാപനങ്ങൾക്കും രാജ്യം ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.