സബിയയിൽ കാഴ്ചക്കാർക്ക് കൗതുകമായി അര്റാക്ക് ചെടികൃഷി
text_fieldsജീസാൻ: അറബികള്‍ പരമ്പരാഗതമായി ദന്തശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന അര്റാക്ക് ചെടികള്‍ വളരുന്ന ഫലപുഷ്ടമായ പ്രദേശമാണ് ജീസാനിന് സമീപമുള്ള സബിയ. മരുഭൂമിയിലെ ചെറിയ പൊന്തക്കാടുകളില്‍ പച്ചപ്പോടുകൂടി പരന്നുകിടക്കുന്ന അര്റാക്ക് ചെടിയുടെ കാഴ്ച ആരിലും കൗതുകമുളവാക്കും. ഭൂമിക്കടിയില്‍ വളരുന്ന കിഴങ്ങ് വര്ഗത്തെപോലെ, ഈ ചെടികള്‍ കുഴിച്ചെടുത്ത് ഇതിെൻറ വേരുകള്‍ അറബികളെപ്പോലെ തങ്ങളും ദന്തശുദ്ധീകരണത്തിന് ഉപയോഗിക്കുന്നതായി ദീര്‍ഘകാലമായി ഇവിടെ ജോലിചെയ്യുന്ന മലപ്പുറം ഹാജിയാര്‍പള്ളി സ്വദേശി ഷൗക്കത്തും വേങ്ങര സ്വദേശി അബ്ദുല്‍ കബീറും പറഞ്ഞു.
ശരാശരി ആരോഗ്യമുള്ള ഒരു അര്റാക്കിെൻറ ചെടി കിളച്ചാല്‍ ദന്തശുദ്ധീകരണം ചെയ്യുന്ന നിരവധി വേരുകള്‍ കിട്ടുമെന്ന് അവര്‍ പറഞ്ഞു. അത്തരം വേരുകളാണ് ഒരു റിയാലിനും രണ്ട് റിയാലിനും പള്ളികളില്‍ നമസ്കാരാനന്തരം വില്പനക്ക് വെക്കുന്നത്. ഇപ്പോള്‍ അത് പരിഷ്കരിച്ച് വിവിധതരം പാക്കറ്റുകളിലും പെന്നിെൻറ കവറുകളിലുമായി പോക്കറ്റില്‍ സൂക്ഷിക്കാന്‍ സൗകര്യത്തില്‍ ലഭ്യമാണ്.
ദന്ത ഭാഗത്തിലുള്ള ബാക്ടീരിയകളെ നശിപ്പിക്കാനും ദന്തശുദ്ധീകരണം വരുത്താനും അറാർക്ക് ചെടിയുടെ വേരുകളിലടങ്ങിയ രാസപദാർഥങ്ങള്‍ സഹായകമാണെന്ന് ഷൗക്കത്തും കബീറും പറഞ്ഞു. ദന്തശുദ്ധിവരുത്തുമ്പോള് ഉണ്ടാവുന്ന എരിവ് പ്രത്യേക രുചിക്കൂട്ട് ഉല്പാദിപ്പിക്കുന്നു. കൂടാതെ ഇതില്‍നിന്ന് മഞ്ചാടിക്കുരുപോലുള്ള കുഞ്ഞുപഴങ്ങളും ഏറെ രുചികരമാണ്. ഏറെ ഒൗഷധമൂല്യമുള്ള ഒരുതരം എരിവാണ് ഈ കുഞ്ഞുപഴങ്ങളുടെ പ്രത്യേകത.
ജീസാനില്‍നിന്ന് ജിദ്ദയിലേക്കു വരുമ്പോള്‍ സീസൺ സമയങ്ങളില്‍ ഇത്തരം കുഞ്ഞുപഴങ്ങള് വില്ക്കുന്നവരെ കാണാം. ജീസാനില്‍ പി.വി.സി പൈപ്പുകള്‍ ഉപയോഗിച്ച് വ്യവസായികാടിസ്ഥാനത്തിലും അര്റാക്ക് ചെടികള്‍ കൃഷി ചെയ്യുന്നുണ്ടെന്ന് കബീര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.