സൗദിയിൽ ബിനാമി ബിസിനസ് നിയമലംഘനം പരിഹരിക്കാൻ ആറു മാസം കൂടി സമയം നീട്ടിനൽകി
text_fieldsജിദ്ദ: സൗദിയിൽ ബിനാമി ബിസിനസ് നിയമലംഘനം പരിഹരിക്കാനുള്ള സമയപരിധി ആറു മാസം കൂടി നീട്ടി 2022 ഫെബ്രുവരി 16 വരെ ആക്കിയതായി വാണിജ്യമന്ത്രാലയം അറിയിച്ചു. പദവി ശരിയാക്കാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് മന്ത്രാലയം സമയം നീട്ടിനൽകിയത്. ആറ് മാസത്തിനുള്ളിൽ സ്ഥാപനങ്ങള്‍ പദവി ശരിയാക്കിയില്ലെങ്കില്‍ കടുത്ത ശിക്ഷാനടപടി നേരിടേണ്ടിവരുമെന്നും മന്ത്രാലയം അറിയിച്ചു.
പദവി ശരിയാക്കാൻ ആറ് മാസം കാലയളവ് നീട്ടാനുള്ള തീരുമാനം ഈ രംഗത്തുള്ള നിയമലംഘനം പരിഹരിക്കാനുള്ള രാജ്യത്തിന്‍റെ ഉത്സാഹവും താൽപ്പര്യവും പ്രതിഫലിപ്പിക്കുന്നതാണെന്ന് വാണിജ്യ മന്ത്രിയും ബിനാമി ബിസിനസ് നിയമലംഘനം ചെറുക്കാനുള്ള ദേശീയ പരിപാടിയുടെ സൂപ്പർവൈസറി കമ്മിറ്റി ചെയർമാനുമായ മജീദ് അൽ ഖസബി പറഞ്ഞു. ഇത് തിരുത്തൽ അഭ്യർത്ഥനകൾക്കുള്ള അവസരം നൽകലാണ്. കൂടാതെ തിരുത്തൽ കാലയളവിലെ ആനുകൂല്യങ്ങളിൽനിന്ന് പ്രയോജനം നേടുകയും നിയമപ്രകാരം നിർദേശിച്ച പിഴകളിൽനിന്നും ആദായനികുതിയുടെ മുൻകാല പേയ്മെന്‍റൽനിന്നും ഒഴിവാകുകയും ചെയ്യാനുള്ള അവസരമൊരുക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വാണിജ്യ മന്ത്രാലയത്തിന് ഇതിനോടകം ലഭിച്ച തിരുത്തൽ അഭ്യർത്ഥനകളിൽ വിവിധ സാമ്പത്തിക പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് മൊത്ത-ചില്ലറ വ്യാപാരം, കരാർ, താമസം, ഭക്ഷ്യ സേവനങ്ങൾ, താഴെത്തട്ടിലുള്ള വ്യവസായങ്ങൾ, ഗതാഗതം, സംഭരണം, മറ്റ് സേവന പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നുവെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. വാണിജ്യ മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റ് വഴിയോ രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിലുള്ള ബിസിനസ് കേന്ദ്രങ്ങൾ, മന്ത്രാലയത്തിന്‍റെ ശാഖകൾ വഴിയോ തിരുത്തൽ നടപടികൾ ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു. നിയമം ലംഘിക്കുന്നവർക്ക് അഞ്ച് വർഷം വരെ തടവോ അഞ്ച് മില്യൺ റിയാൽ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.