സൗദിയിൽ ഒരാഴ്ചക്കിടെ 16,695 വിദേശി നിയമലംഘകർ അറസ്റ്റിൽ
text_fieldsഅൽഖോബാർ: ഒരാഴ്ചക്കിടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ താമസ, തൊഴിൽ, അതിർത്തിസുരക്ഷ ചട്ടങ്ങൾ ലംഘിച്ച 16,695ഓളം വിദേശികളെ അറസ്റ്റ് ചെയ്തു. ഒക്ടോബർ 26 മുതൽ നവംബർ ഒന്നുവരെ രാജ്യത്തുടനീളം സുരക്ഷസേനയുടെ വിവിധ യൂനിറ്റുകൾ നടത്തിയ സംയുക്ത റെയ്ഡിലാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 10,518 താമസനിയമലംഘകരും 3953 അതിർത്തിസുരക്ഷ ചട്ടങ്ങൾ ലംഘിച്ചവരും 2224 തൊഴിൽ നിയമലംഘകരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 783 പേരെ അറസ്റ്റ് ചെയ്തു.
ഇതിൽ 57 ശതമാനം യമനികളും 42 ശതമാനം ഇത്യോപ്യക്കാരും ഒരു ശതമാനം മറ്റു രാജ്യക്കാരും ഉൾപ്പെടുന്നു. 32 പേർ സൗദി അറേബ്യയിൽനിന്ന് പുറത്തുകടക്കാൻ ശ്രമിച്ച് പിടിക്കപ്പെട്ടു. താമസ-തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടുവരുകയും അഭയം നൽകുകയും നിയമലംഘനം മറച്ചുവെക്കുകയും ചെയ്ത 18 പേരെ അറസ്റ്റ് ചെയ്തു. ആകെ 49,890 നിയമലംഘകർ നിലവിൽ നിയന്ത്രണങ്ങൾ ലംഘിച്ചതിന് നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. അതിൽ 42,358 പുരുഷന്മാരും 7,532 സ്ത്രീകളുമാണ്.
ഇവരിൽ 43,535 നിയമലംഘകരുടെ യാത്രാരേഖകൾ ലഭ്യമാക്കുന്നതിന് അവരുടെ നയതന്ത്ര ഓഫിസുകളുമായി ബന്ധപ്പെട്ടു. 1995 നിയമലംഘകരെ യാത്രാടിക്കറ്റ് റിസർവേഷൻ പൂർത്തിയാക്കാൻ റഫർ ചെയ്തു. 8603 നിയമലംഘകരെ നാടുകടത്തി. നുഴഞ്ഞുകയറ്റക്കാരന് രാജ്യത്തേക്കുള്ള പ്രവേശനം സുഗമമാക്കുകയോ ഗതാഗത, പാർപ്പിട സൗകര്യമോ ഏതെങ്കിലും സഹായമോ സേവനമോ നൽകുന്നതോ ആയ ആർക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയും ലഭിക്കുമെന്നും വാഹനങ്ങളും താമസ സൗകര്യങ്ങളും കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം താക്കീത് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.