സൗദിയിൽ പള്ളികളിൽ സാമൂഹിക അകലം പാലിക്കുന്നത് തുടരും
text_fieldsജിദ്ദ: രാജ്യത്തെ പള്ളികളിൽ സാമൂഹിക അകലം പാലിക്കുന്നത് തുടരുമെന്ന് മതകാര്യ വകുപ്പ് വ്യക്തമാക്കി. ബന്ധപ്പെട്ട വകുപ്പുകളുടെ ശിപാർശക്ക് അനുസൃതമായാണ് തീരുമാനങ്ങൾ എടുക്കുന്നത്.
കോവിഡ് സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനങ്ങളിൽ പുനഃപരിശോധന തുടരും. കോവിഡ് വ്യാപനം നിയന്ത്രണവിധേയമാണെങ്കിലും പൊതു ആരോഗ്യ അതോറിറ്റിയുടെ തീരുമാനം പള്ളികളിൽ സാമൂഹിക അകലം പാലിക്കൽ തുടരണമെന്നാണ്.
പള്ളികളിൽ എല്ലാ പ്രായക്കാരും, പല ആരോഗ്യപ്രശ്നങ്ങളുള്ളവരും എത്തുന്നുണ്ട്. പ്രവേശന സമയത്ത് തവക്കൽന ആപ്ലിക്കേഷനിലെ ആരോഗ്യ സ്ഥിതി പരിശോധിക്കാൻ സംവിധാനങ്ങളില്ല. അതിനാൽ പള്ളികളിലെത്തുന്നവരുടെ ആരോഗ്യ സുരക്ഷ നിലനിർത്താൻ സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള മുൻകരുതൽ നടപടി തുടരേണ്ടതുണ്ടെന്ന് മതകാര്യ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
തവക്കൽന ആപ്ലിക്കേഷനിലൂടെ ആരോഗ്യസ്ഥിതി പരിശോധനകൾ പ്രയോഗിക്കാത്ത സ്ഥലങ്ങളിൽ ശാരീരിക അകലം പാലിക്കലും മാസ്ക് ധരിക്കലും തുടരണമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയ കാര്യം മതകാര്യ വകുപ്പ് ചൂണ്ടിക്കാട്ടി. ആരോഗ്യ മുൻകരുതലുമായി ബന്ധപ്പെട്ട എല്ലാ നിർദേശങ്ങളും പിന്തുടരുന്നുണ്ട്.
പള്ളിയിലെത്തുന്നവരുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിന് അവ നടപ്പാക്കാൻ ശ്രമിക്കുന്നുണ്ട്. ആരോഗ്യ മുൻകരുതൽ നടപ്പാക്കിയിട്ടുണ്ടോയെന്ന നിരീക്ഷണം തുടരും. വിവരങ്ങൾ ഒൗദ്യോഗിക ഉറവിടങ്ങളിൽനിന്ന് മാത്രമേ സ്വീകരിക്കാവൂ. കിംവദന്തികളെ കരുതിയിരിക്കണമെന്നും മതകാര്യ വകുപ്പ് വ്യക്തമാക്കി.
ഞായറാഴ്ച മുതലാണ് സൗദിയിൽ പൊതുസ്ഥലങ്ങളിലും മറ്റും ആരോഗ്യ മുൻകരുതൽ നടപടികൾ ലഘൂകരിക്കാൻ തുടങ്ങിയത്. തവക്കൻന ആപ്ലിക്കേഷനിലെ ആരോഗ്യ പരിശോധന നടക്കുന്നതിനാൽ സാമൂഹിക അകലം പാലിക്കണമെന്ന തീരുമാനത്തിൽനിന്ന് ഇരുഹറമുകളെ ഒഴിവാക്കിയിട്ടുണ്ട്. ഇതേതുടർന്ന് ഇരുഹറമുകളിലും ഞായറാഴ്ച മുതൽ തീരുമാനം നടപ്പാക്കുകയും സാമൂഹിക അകലം പാലിക്കാനുള്ള സ്റ്റിക്കറുകൾ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.