സൗദിയിൽ സ്വകാര്യ, ഇൻറർനാഷണൽ സ്കൂളുകളിലെ സ്വദേശിവത്കരണ തീരുമാനം പ്രാബല്യത്തിലായി
text_fieldsഅബ്ദുറഹ്മാൻ തുറക്കൽ
ജിദ്ദ: സൗദിയിൽ സ്വകാര്യ, ഇൻറർനാഷണൽ സ്കൂളുകളിലെ ജോലികൾ സ്വദേശിവത്കരിക്കാനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നു. സ്വകാര്യ, ഇൻറർ നാഷണൽ വിദ്യാഭ്യാസ മേഖലയിലെ തൊഴിലുകളിൽ സ്വദേശിവത്കരണം നിർബന്ധമാക്കി അടുത്തിടെ പുറപ്പെടുവിച്ച മന്ത്രിസഭാ തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണിത്. അതോടൊപ്പം യോഗ്യരായ സ്വദേശികൾക്ക് സ്വകാര്യ മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുന്നതിന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം തൊഴിലുകൾ സ്വദേശിവത്കരിക്കാൻ പുറപ്പെടുവിച്ച ഒരു കൂട്ടം തീരുമാനങ്ങളിൽ ഉൾപ്പെടുന്നതുമാണ്. നാല് മാസം സ്ക്കൂൾ ഉടമകൾക്ക് സാവകാശം നൽകിയ ശേഷമാണ് തീരുമാനം പ്രാബല്യത്തിൽ വന്നിരിക്കുന്നത്. സ്വദേശിവത്കരണ അനുപാതം നേടാൻ പ്രാപ്‌തമാക്കുന്നതിനാണ് ഇത്രയും കാലയളവ് നൽകിയത്. സ്വകാര്യ സ്കൂളുകളിലെയും ഇൻറർ നാഷണൽ സ്കൂളുകളിലെയും തൊഴിൽ വിപണിയുടെ അവസ്ഥയും ആവശ്യമായ വിഷയങ്ങളിൽ ബിരുദധാരികളിൽ നിന്നുള്ള തൊഴിലന്വേഷകരുടെ എണ്ണം കൂടിവരുന്നതും കണക്കിലെടുത്താണ് സ്വകാര്യ വിദ്യാഭ്യാസ മേഖലകളിലെ കൂടുതൽ ജോലികളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ പോകുന്നത്.
ഒരോ സ്ക്കൂളുകളും തീരുമാനത്തോടൊപ്പം പുറപ്പെടുവിച്ച നടപടിക്രമ മാനുവലിൽ സൂചിപ്പിച്ച പ്രകാരം സ്വദേശിവത്കരണ അനുപാതം പാലിച്ചിരിക്കണമെന്ന് നിർദേശമുണ്ട്. സ്ക്കൂളുകൾ തീരുമാനം നടപ്പിലാക്കിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് പിഴയുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ജോലിക്ക് നിയമിക്കുന്നവർക്ക് സോഷ്യൽ ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പ്രതിമാസ വേതനം നൽകിയിരിക്കണമെന്നാണ് വ്യവസ്ഥ. ബാച്ചിലേഴ്സ് ബിരുദമോ അതിന് തുല്യമോ ഉള്ളവർക്ക് വേതനം അയ്യായിരം സൗദി റിയാലിൽ കുറയരുതെന്നും കുറഞ്ഞ വേതനം ലഭിക്കുന്നവരെ സ്വദേശിവത്കരണ അനുപാതത്തിൽ കണക്കാക്കില്ലെന്നും വ്യവസ്ഥയിലുണ്ട്. സ്വകാര്യ, ഇൻറർനാഷണൽ സ്കൂളുകളിൽ സ്വദേശിവത്കരണം ലക്ഷ്യമിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട തൊഴിലുകൾ ഏതൊക്കെയെന്ന് മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സ്വദേശികളായവർക്ക് സ്വകാര്യ, ഇൻറർനാഷണൽ വിദ്യാഭ്യാസ മേഖലയിൽ 28,000 ജോലികൾ നൽകാനാണ് തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.