സൗദിയിലെ നീറ്റ് പരീക്ഷ ഞായറാഴ്ച റിയാദിൽ നടക്കും
text_fieldsറിയാദ്: പുതിയ അധ്യയന കാലയളവിലേക്കുള്ള മെഡിക്കൽ ആയുഷ് പ്രവേശന പരീക്ഷയായ നീറ്റ് മെയ് ഏഴിന് ഞായറാഴ്ച റിയാദിൽ വെച്ച് നടക്കും. സൗദിയിലെ ഏക പരീക്ഷ കേന്ദ്രമായ റിയാദിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ബോയ്‌സ് വിഭാഗത്തിൽ (എക്സിറ്റ് 24) വെച്ചാണ് പരീക്ഷ.
സൗദി സമയം രാവിലെ 8.30 മുതൽ 11 വരെയാണ് വിദ്യാർഥികൾ റിപ്പോർട്ട് ചെയ്യേണ്ടത്. 11.30 മുതൽ 2.50 വരെയാണ് പരീക്ഷ സമയം. അഡ്മിറ്റ് കാർഡ്, ആവശ്യമായ ഐ.ഡി പ്രൂഫ് എന്നിവയുമായാണ് വിദ്യാർഥികൾ ഹാജരാവേണ്ടത്. നിരോധിത വസ്തുക്കളില്ലാതെയും എൻ.ടി.എ നിർദ്ദേശിച്ച ഡ്രസ് കോഡുമായാണ് പരീക്ഷാർഥികൾ പരീക്ഷ ഹാളിൽ പ്രവേശിക്കേണ്ടത്. 498 വിദ്യാർഥികളാണ് ഈ വർഷം നീറ്റ് പരീക്ഷയിൽ സൗദയിൽ നിന്ന് പങ്കെടുക്കുന്നതെന്ന് ഉന്നത വൃത്തങ്ങൾ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
ദേശീയ പരീക്ഷ ഏജൻസിയായ എൻ.ടി.എയാണ് നീറ്റ് പരീക്ഷ നടത്തുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കും ഗവേഷണ സ്ഥാപനങ്ങളിലേക്കും നിശ്ചിത മാനദണ്ഡപ്രകാരം പ്രവേശന പരീക്ഷകളും മൂല്യനിർണയവും നടത്തുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്വതന്ത്ര പരമാധികാര സ്ഥാപനമാണ് നാഷണൽ ടെസ്റ്റിംങ് ഏജൻസി (എൻ.ടി.എ). ഇന്ത്യൻ സ്‌കൂളുകളിലെ തെരഞ്ഞെടുക്കപ്പെട്ട അധ്യാപകരാണ് പരീക്ഷക്ക് മേൽനോട്ടം വഹിക്കുക. പരീക്ഷക്കായി സ്കൂൾ സജ്ജമാണെന്ന് പ്രിൻസിപ്പൽ മീര റഹ്മാൻ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.