സൗദിയിൽ ഉച്ചവെയിൽ വിശ്രമ നിയമം കർശനമാക്കി; താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
text_fieldsയാംബു: സൗദിയിലെ ചില ഭാഗങ്ങളിൽ ചൂട് ശക്തിപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഉഷ്‌ണം ശക്തിപ്രാപിക്കുമെന്നും 50 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നും പ്രതീക്ഷിക്കുന്നു. കിഴക്കൻ പ്രവിശ്യയിലെ മിക്ക ഗവർണറേറ്റുകളിലും മദീനക്കും യാംബുവിനും ഇടയിലുള്ള പ്രദേശങ്ങളിലും 47 ഡിഗ്രി സെൽഷ്യസ് മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർധിക്കുമെന്ന സൂചനയാണുള്ളതെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. റിയാദിന്റെ കിഴക്കൻ ഭാഗങ്ങളിലും രാജ്യത്തിെൻറ വടക്കൻ അതിർത്തി പ്രദേശങ്ങളിലും അൽ ഖസീം പ്രവിശ്യയിലും 45 ഡിഗ്രി സെൽഷ്യസ് മുതൽ 47 ഡിഗ്രി വരെയാണ് താപനില പ്രതീക്ഷിക്കുന്നത്.
അന്തരീക്ഷതാപം ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കാനും സുരക്ഷാമുൻകരുതലുമായി അധികൃതർ നൽകുന്ന നിർദേശങ്ങൾ കൈക്കൊള്ളാനും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സിവിൽ ഡിഫൻസ് അതോറിറ്റിയും അറിയിച്ചു. അന്തരീക്ഷ താപം വർധിക്കുമ്പോഴുണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങൾ നിരവധിയാണ്. ഇതേക്കുറിച്ച് ജനങ്ങൾ ബോധവാന്മാരായിരിക്കണമെന്ന് ആരോഗ്യ മന്ത്രാലയവും മുന്നറിയിപ്പ് നൽകി.
അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് വിഘാതം നേരിടുകയും ചെയ്യും. ശരീരത്തിലെ പല നിർണായക പ്രവർത്തനങ്ങളും തകരാറിലായേക്കാം. ഇത്തരമൊരവസ്ഥയാണ് ഹീറ്റ് സ്ട്രോക്ക് (സൂര്യാഘാതം) എന്ന് പറയുന്നത്.
തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് രാജ്യത്ത് ഉച്ചവെയിൽ വിശ്രമ നിയമം കഴിഞ്ഞദിവസം മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. സെപ്റ്റംബർ 15 വരെയാണ് ഈ നിയമമെന്നും അവ ലംഘിച്ച് തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ചാൽ പിഴ ചുമത്തുമെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.
അടിയന്തിര അറ്റകുറ്റ പണികൾ നടത്തുന്ന തൊഴിലാളികൾക്കും പെട്രോളിയം, ഗ്യാസ് കമ്പനി ജീവനക്കാർക്കും ഉച്ചവെയിൽ വിശ്രമ നിയമം ബാധകമല്ലെങ്കിലും വെയിലിൽനിന്ന് സംരക്ഷണം നൽകുന്നതിനാവശ്യമായ സുരക്ഷാനടപടികൾ ഒരുക്കാൻ തൊഴിലുടമകൾ നടപടി സ്വീകരിക്കണം. വിശ്രമ നിയമം സംബന്ധിച്ച ലംഘനങ്ങളെ കുറിച്ച് 19911 എന്ന നമ്പറിലോ മന്ത്രാലത്തിെൻറ ആപ് വഴിയോ പരാതി അറിയിക്കാമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.