വേനൽക്കാലത്ത് നീന്തിത്തുടിക്കാം ഹഖ്ലിലെ ‘ചന്ദ്രക്കല’ കുളത്തിൽ
text_fieldsഹഖ്ൽ: വേനൽക്കാലത്ത് വിശാലമായ കടലിൽ നീന്തിത്തുടിക്കാൻ പറ്റുന്ന ഒരിടമുണ്ട് സൗദിയുടെ വടക്കേയറ്റത്ത്, ഹഖ്ൽ എന്ന കടൽത്തീര പട്ടണം. ഈജിപ്തും ജോർഡനും ഇസ്രായേലും സൗദിയുമായി അതിർത്തി പങ്കിടുന്ന മനോഹരമായ അഖബ ഉൾക്കടൽ തീരത്താണ് ഹഖ്ൽ. ഇവിടുത്തെ ബീച്ച് വളരെ മനോഹരമാണ്. ഇതിനോട് ചേർന്നാണ് ‘ഉമ്മു അനാം’ എന്ന പേരിൽ അറിയപ്പെടുന്ന നീന്തൽക്കുളം.
തബൂക്ക് പ്രവിശ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് ഹഖ്ൽ. ചേതോഹരമായ ഈ കടൽത്തീരത്തെ സായാഹ്ന കാഴ്ച ആസ്വദിക്കാൻ വിദൂരദേശങ്ങളിൽനിന്ന് പോലും ആളുകൾ ഇവിടേക്കെത്തും. അവാച്യമായ അനുഭൂതി പകരുന്നതാണ് സൂര്യാസ്തമയ നേരത്തെ കടലിനക്കരെനിന്നുള്ള സീനായ് പർവതനിരയുടെയും ഈജിപ്ത്, ഇസ്രായേൽ, ജോർഡൻ എന്നിവയുടെ മൂന്ന് തുറമുഖങ്ങളുടെയും കാഴ്ച.
സന്ധ്യമയങ്ങും നേരം മനം മയങ്ങിപ്പോകും ഏതൊരാളുടെയും. അതിനൊപ്പമാണ് നീന്തൽക്കുളത്തിൽ ആർത്തുല്ലസിക്കാനുള്ള അവസരവും. വിവിധ പ്രായത്തിലുള്ളവർക്ക് ഉമ്മു അനാമിൽ നീന്തിത്തുടിക്കാം. കുട്ടികൾക്കും മുതിർന്നവർക്കും കുടുംബങ്ങൾക്കുമെല്ലാം ഇറങ്ങി നീന്താനും മുങ്ങാംകുഴിയിടാനും കഴിയുന്ന നീന്തൽക്കുളം ഭൂമിയിൽ വീണുകിടക്കുന്ന ചന്ദ്രക്കലയുടെ രൂപത്തിലാണ് നിർമിച്ചിട്ടുള്ളത്.
200 മീറ്ററാണ് നീളം. കടലിനോട് ചേർന്നുള്ളതായിട്ടും ശുദ്ധജലമാണ് കുളത്തിൽ. മൃദുവായ പഞ്ചാര മണലാണ് ചുറ്റും. രാവിലെയും വൈകീട്ടുമാണ് ആളുകളുടെ ഒഴുക്ക്.
അഭൗമ സൗന്ദര്യമുള്ള നീന്തൽക്കുളം കൂടി ചേരുന്ന ബീച്ച് നീന്തൽപ്രേമികളുടെ മുഖ്യ ലക്ഷ്യസ്ഥാനമായി മാറിയിട്ടുണ്ട്. വിനോദം, നീന്തൽ പരിശീലനം, വിവിധതരം സമുദ്രജീവികളെ കണ്ടാസ്വദിക്കൽ, മറ്റു പ്രകൃതിദത്ത കാഴ്ച്ചകളുടെ ആസ്വാദനം എന്നിവ ഒരുമിച്ച് ചേരുന്ന ഒരു ‘ഇക്കോ ടൂറിസം’ കേന്ദ്രമാണ് ചുരുക്കിപ്പറഞ്ഞാൽ ഹഖ്ൽ. കണ്ണിനും മനസ്സിനും ആനന്ദം പകരുന്ന അപൂർവ പവിഴപ്പുറ്റുകളുടെ വൈവിധ്യം തെളിഞ്ഞ കടൽ നമുക്ക് കാണിച്ചുതരും.
അങ്ങകലെ സീനായ് കുന്നിൻനിരകളിലെ വിടവുകളിലൂടെ ചക്രവാളത്തിലേക്ക് പതിയെ പോകുന്ന അസ്തമയ സൂര്യന്റെ കാഴ്ചയും ഹൃദ്യത പകരുന്നതാണ്. പകലെന്ന പോലെ രാത്രിയിലെയും കാഴ്ചകൾ ഒരുപോലെ ആസ്വാദ്യകരമാണ്. തീരങ്ങളിലെ കൂടാരങ്ങളിലും തണൽ വിരിച്ചുനിൽക്കുന്ന ചെറു തോട്ടങ്ങളിലും കുടുംബസമേതം ഉല്ലസിക്കുന്നവരും കടലിൽ മീൻപിടിക്കുന്നവരും നീന്തുന്നവരുമെല്ലാം ഇവിടുത്തെ നിത്യകാഴ്ചയാണ്.
ചെങ്കടലിന്റെയും അഖബ ഉൾക്കടലിന്റെയും തീരങ്ങളിലായി 28 കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്ന ഹഖ്ൽ ഗവർണറേറ്റിലെ ബീച്ചുകൾ മറ്റു സീസണുകളിലെന്ന പോലെ വേനൽക്കാലത്തും സഞ്ചാരികൾക്ക് പ്രിയങ്കരമാണ്.
നാല് രാജ്യങ്ങളുടെ അതിർത്തികളെയും തുറമുഖങ്ങളേയും ഒരു സ്ഥലത്ത്നിന്ന് നേരിട്ട് നോക്കിക്കാണാൻ കഴിയുന്ന അപൂർവ സംഗമ സ്ഥലമെന്ന നിലയിലും ഹഖ്ലിന് വലിയ സവിശേഷതയാണുള്ളത്. രാത്രി വെളിച്ചത്തിൽ നാലു രാജ്യങ്ങളുടെയും അപൂർവ ദൃശ്യങ്ങൾ സഞ്ചാരികൾക്ക് വിസ്മയ ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.