ഇരുവൃക്കകളും തകരാറിലായ മുൻ പ്രവാസി ദുരിതത്തിൽ
text_fieldsജുബൈൽ: ഇരുവൃക്കകളും തകരാറിലായ പ്രവാസി മലയാളി ചികിത്സക്കും നിത്യച്ചെലവിനും വഴികാണാതെ ദുരിതത്തിൽ. കൊല്ലം ചടയമംഗലം ഇളമ്പഴന്നൂർ ചിറവുക്കോണം സ്വദേശി ചരുവിള പുത്തൻവീട്ടിൽ സവാദാണ് (52) വൃക്കകളുടെ തകരാറും അനുബന്ധ രോഗങ്ങളും മൂലം പ്രതിസന്ധിയിൽ കഴിയുന്നത്. ഏറെനാൾ സൗദിയിലും ഖത്തറിലും പ്രവാസിയായിരുന്ന സവാദ് ജോലി നഷ്ടപ്പെട്ട് 10 വർഷം മുമ്പ് നാട്ടിൽ തിരിച്ചെത്തി പല പണികളും ചെയ്തു ജീവിക്കുന്നതിനിടെ പ്രമേഹമാണ് ആദ്യം പിടികൂടിയത്. വൈകാതെ രക്തസമ്മർദത്തിെൻറയും കൊളസ്ട്രോളിെൻറയും ഭീഷണിയെത്തി.
ഒടുവിൽ ഹൃദയസംബന്ധമായ രോഗങ്ങളുംകൂടി കീഴടക്കിയതോടെ ജീവിതം കടുത്ത പ്രയാസത്തിലായി. സ്ഥിരജോലിയില്ലാതാവുകയും വരുമാനം നഷ്ടപ്പെടുകയും ചെയ്തതോടെ ചികിത്സയും മുടങ്ങി. പ്രമേഹം കലശലായതിനെ തുടർന്ന് കാൽവിരലിലെ വ്രണം പഴുത്തു വിരൽ മുറിക്കേണ്ടിവന്നു. വൈകാതെ വൃക്കകളും പ്രവർത്തനക്ഷമം അല്ലാതെയായി. ഇപ്പോൾ ആഴ്ചയിൽ രണ്ടുതവണ കടക്കൽ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് വിധേയമായാണ് ജീവൻ നിലനിർത്തുന്നത്.
മരുന്നിനും നിത്യച്ചെലവിനും മറ്റുള്ളവരുടെ സഹായങ്ങളും ഭാര്യ നടത്തുന്ന ചായക്കടയുമാണ് ആശ്രയം. സവാദിനെ സഹായിക്കാൻ താൽപര്യമുള്ള സുമനസ്സുകൾക്ക് അദ്ദേഹത്തിെൻറ ഭാര്യ താജുന്നിസയുടെ പേരിലുള്ള A/c No. 6158527159, IFSC: IDIB000C047 എന്ന അക്കൗണ്ടിൽ സഹായം എത്തിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.