കോവിഡ് കുതിപ്പിൽ; 55 ശതമാനം രോഗികളും സ്ത്രീകൾ
text_fieldsജിദ്ദ: രാജ്യത്ത് കോവിഡ് ഉയർന്ന തോതിലാണെന്നും ബാധിച്ചവരിൽ 55 ശതമാനം സ്ത്രീകളാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അലി വാർത്തസമ്മേളനത്തിൽ അറിയിച്ചു. കുത്തിവെപ്പെടുത്ത സ്ത്രീകളുടെ എണ്ണം പ്രതീക്ഷച്ചതിലും കുറവാണ്. റമദാനിൽ റസ്റ്റാറൻറുകളിൽ കോവിഡ് മുൻകരുതൽ ലംഘനം ശ്രദ്ധയിൽപ്പെട്ടു. വീടുകളിലും വിശ്രമകേന്ദ്രങ്ങളിലും മുൻകരുതലെടുക്കുന്നതിലെ അലംഭാവം രോഗം വർധിക്കാനിടയായി. 2021 തുടക്കത്തിലേതിനേക്കാൾ എണ്ണം കൂടിയിട്ടുണ്ട്. വാക്സിനുകളുടെ ഫലപ്രാപ്തിയും സുരക്ഷയും ഉയർന്നതാണ്. ഇതുവരെ അപ്രതീക്ഷിതമായ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. നോമ്പുസമയത്ത് കോവിഡ് കുത്തിവെപ്പെടുക്കുന്നതിലൂടെ നോമ്പ് മുറിയില്ലെന്ന് ഗ്രാൻറ് മുഫ്തി പറഞ്ഞ കാര്യവും അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്തെ കോവിഡ് ലബോറട്ടറി പരിശോധനകളുടെ എണ്ണം 16 ദശലക്ഷം കവിഞ്ഞു. കോവിഡ് വാക്സിൻ രണ്ടാം ഡോസിെൻറ തീയതി സംബന്ധിച്ച സന്ദേശം ആളുകളിലേക്ക് സ്വമേധയാ എത്തും. ഇതിനായി നടപടികൾ പൂർത്തിയാക്കേണ്ടതില്ല. കുത്തിവെപ്പിന് ബുക്ക് ചെയ്തവർ സേവനം നഷ്ടപ്പെടാതിരിക്കാൻ നിശ്ചിത സമയത്ത് അതിനായുള്ള കേന്ദ്രങ്ങളിലെത്തണം. ഇല്ലെങ്കിൽ വീണ്ടും ബുക്ക് ചെയ്യേണ്ടിവരും. ഗുരുതര കോവിഡ് കേസുകളിൽ പകുതിയും പ്രായമുള്ളവരാണ്. കുത്തിവെപ്പെടുക്കാൻ പ്രായം കൂടിയവർ മുന്നോട്ടുവരണം. വാണിജ്യ സ്ഥാപന ഉടമകൾ ആരോഗ്യ മുൻകരുതൽ നടപടികൾ പാലിക്കണമെന്നും വക്താവ് ആവശ്യപ്പെട്ടു.
മുൻകരുതൽ പാലിച്ചില്ലെങ്കിൽ കടുത്ത നടപടി
ജിദ്ദ: രാജ്യത്ത് കോവിഡ് ഉയരുക്കുന്ന സാഹചര്യത്തിൽ സമൂഹം ആഗ്രഹിക്കാത്ത കടുത്ത നടപടികളിലേക്ക് നീങ്ങാതിരിക്കാൻ എല്ലാവരും മുൻകരുതലെടുക്കണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയ സുരക്ഷ വക്താവ് കേണൽ തലാൽ അൽ ശൽഹോബ് പറഞ്ഞു. കോവിഡ് നിരക്ക് കൂടിവരുന്നത് കൂടുതൽ നിയന്ത്രണങ്ങളിലേക്കും നടപടികളിലേക്കും നയിച്ചേക്കും. ചില പ്രവർത്തന മേഖലകൾ നിർത്തിവെക്കുക, ചില ജില്ലകളിലേക്കും പട്ടണങ്ങളിലേക്കും പോക്കുവരവുകൾ തടയുക തുടങ്ങിയ നടപടി വേണ്ടിവന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ചക്കിടയിൽ രാജ്യത്തെ വിവിധ മേഖലകളിൽനിന്ന് നിയമം ലംഘിച്ച 27,000 കേസ് പിടികൂടി. അലംഭാവത്തിന് ഇടമില്ല. എല്ലാവരും മുൻകരുതലെടുക്കണം. സമൂഹ മാധ്യമങ്ങളിലും ചില നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. നിയമലംഘകർക്കെതിരെ ശിക്ഷയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
'ഇഅ്തമർനാ ആപ്പ് 15 ദശലക്ഷം പേർ ഉപയോഗിച്ചു
ജിദ്ദ: ഹജ്ജ്-ഉംറ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ ഇഅ്തമർനാ ആപ്പ് ഉപയോഗിച്ചവരുടെ എണ്ണം 15 ദശലക്ഷം കവിഞ്ഞതായി ഹജ്ജ്-ഉംറ മന്ത്രാലയ വക്താവ് എൻജിനീയർ ഹിശാം സഇൗദ് പറഞ്ഞു. റമദാൻ ഒന്ന് മുതൽ ഉംറ അനുമതിപത്രത്തിന് കോവിഡ് കുത്തിവെപ്പ് നിബന്ധനയായി നിശ്ചയിട്ടുണ്ട്. പാർക്കിങ് സ്ഥലങ്ങളിൽനിന്ന് ഹറമിലേക്കും തിരിച്ചും യാത്രക്ക് സുരക്ഷിതമായ വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. റമദാനിൽ 2500 ബസുകൾ തീർഥാടകരെ ഹറമിലേക്കും തിരിച്ചും കൊണ്ടുപോകാൻ സർവിസ് നടത്തുന്നുണ്ട്. സാമൂഹിക അകലം പാലിക്കേണ്ടതിനാൽ ഒരു ബസിൽ ഉൾക്കൊള്ളാവുന്ന ആളുകളുടെ 50 ശതമാനം പേരെയാണ് കയറ്റുന്നതെന്നും ഹജ്ജ്-ഉംറ മന്ത്രാലയ വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.