കേളി ഇടപെടൽ: ശമ്പളവും ഭക്ഷണവുമില്ലാതെ ദുരിതത്തിലായ തൊഴിലാളികളെ നാട്ടിലെത്തിച്ചു
text_fieldsറിയാദ്: മാസങ്ങളായി ജോലിയോ ചെയ്ത ജോലിക്ക് ശമ്പളമോ ഭക്ഷണമോ ലഭിക്കാതെ കഷ്ടപ്പെടുകയായിരുന്ന മലയാളികളെ നാട്ടിലേക്ക് കയറ്റിയയച്ചു. തിരുവനന്തപുരം സ്വദേശി സുഭാഷ്, തൃശൂർ സ്വദേശി സുരേഷ് എന്നിവരാണ് കേളി കലാസാംസ്കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗത്തിെൻറ സഹായത്തോടെ നാടണഞ്ഞത്. റിയാദ് സുലൈയിലെ സ്വകാര്യ കമ്പനിയിൽ തൊഴിലാളികളായ ഇവർക്ക് ജോലി ചെയ്ത നാലു മാസത്തെ ശമ്പളം ലഭിച്ചിരുന്നില്ല. ജോലിയും ശമ്പളവുമില്ലാതെ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന ഇവരുടെ ദുരവസ്ഥ മനസ്സിലാക്കിയ കേളിയുടെ ജീവകാരുണ്യ പ്രവർത്തകർ ആഹാരം പാകം ചെയ്യുന്നതിനുള്ള സാധനങ്ങളും പാചക വാതകവും എത്തിച്ചു നൽകി. തുടർന്ന് സ്പോൺസറുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും ഇവരുടെ ശമ്പള കുടിശ്ശിക നൽകാനോ ഇവരെ നാട്ടിലെത്തിക്കാനുള്ള വിമാന ടിക്കറ്റ് നൽകാനോ അദ്ദേഹം ആദ്യം തയാറായില്ല. നിരന്തരമുള്ള സമ്മർദത്തിനൊടുവിൽ വിമാന ടിക്കറ്റ് നൽകിയാൽ ഫൈനൽ എക്സിറ്റ് വിസ അടിച്ചുനൽകാമെന്ന് സ്പോൺസർ സമ്മതിച്ചു. തൃശൂർ സ്വദേശി സുരേഷിനുള്ള ടിക്കറ്റ് കേളി സുലൈ ഏരിയ കമ്മിറ്റി നൽകി. തിരുവനന്തപുരം സ്വദേശി സുഭാഷിനുള്ള ടിക്കറ്റ് അദ്ദേഹത്തിെൻറ ഭാര്യ നാട്ടിൽ നിന്നും ഏർപ്പാടാക്കിയിരുന്നു. എന്നാൽ, അത് ദുബൈ വഴി പോകുന്ന ടിക്കറ്റ് ആയതിനാൽ നിലവിലെ യാത്രാവിലക്ക് കണക്കിലെടുത്ത് സുലൈ ഏരിയ കമ്മിറ്റി തന്നെ ഇടപെട്ട് കോവിഡ് ടെസ്റ്റ് നടപടികൾ പൂർത്തിയാക്കുകയും നാട്ടിൽ നേരിട്ട് എത്താനുള്ള വഴിയൊരുക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.