ലോകത്തെ സന്തുഷ്ട രാജ്യങ്ങളിൽ സൗദി 25ാം സ്ഥാനത്ത്
text_fieldsയാംബു: 2022ലെ ലോകത്തിലെ ഏറ്റവും സന്തുഷ്ട രാജ്യങ്ങളിൽ സൗദിയുടെ സ്ഥാനം 25. ഇന്ത്യ ഉൾപ്പെടെ 156 രാജ്യങ്ങളിൽ നടത്തിയ സർവേയിൽ ഫിൻലൻഡ് ആണ് ഒന്നാമത്തെ സന്തുഷ്ട രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. ഈ വർഷത്തെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് തയാറാക്കാനായി നടത്തിയ അഭിപ്രായ സർവേയിൽ ഇന്ത്യ 136ാം സ്ഥാനത്താണ്.
ആഗോള തലത്തിൽ കഴിഞ്ഞ വർഷം സൗദി 26ാം സ്ഥാനത്തായിരുന്നുവെന്നും സന്തോഷ സൂചികയിൽ രാജ്യം ആഗോളതലത്തിൽ മുന്നേറുന്നതായും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഓരോ രാജ്യത്തെയും ആളുകളോട് അവരുടെ സന്തോഷത്തെക്കുറിച്ചാണ് സർവേയിൽ അഭിപ്രായം ചോദിച്ചിരുന്നത്.
രാജ്യങ്ങളിൽ ജി.ഡി.പി, ആഭ്യന്തര ഉൽപാദനം, സാമൂഹിക പിന്തുണ, വ്യക്തിസ്വാതന്ത്ര്യം, ആരോഗ്യകരമായ സ്ഥിതിവിവരം, ജീവിതതീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം, അഴിമതിയുടെ തോത് എന്നീ മാനദണ്ഡങ്ങൾ വിലയിരുത്തിയാണ് ഓരോ വർഷവും ഹാപ്പിനസ് റാങ്കിങ് പുറത്തിറക്കാറുള്ളത്.
സൗദിയുടെ സമ്പൂർണ വികസന പദ്ധതിയായ വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കാൻ രാജ്യം ചെയ്യുന്ന പദ്ധതികളുടെ പുരോഗതിയും പൗരന്മാരുടെ സേവനത്തിനായി ഫലപ്രദമായ വികസന നടപടികളും ഹാപ്പിനസ് റാങ്കിങ്ങിൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ സൗദി മുന്നിലെത്താൻ വഴിവെച്ചതായി വിലയിരുത്തുന്നു.
കോവിഡ് കാലത്തെ പ്രത്യാഘാതങ്ങൾ മറികടക്കാൻ സൗദി സ്വീകരിച്ച സാമ്പത്തിക ആരോഗ്യ പരിഷ്കാരങ്ങൾ വമ്പിച്ച പുരോഗതി ഉണ്ടാക്കാൻ കഴിഞ്ഞു.
സൗദിയുടെ മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) 3.2 ശതമാനം വളർച്ച കൈവരിച്ചതായി കഴിഞ്ഞയാഴ്ച ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
സ്വദേശി പൗരന്മാരുടെ തൊഴിൽ മേഖലയിലുള്ള സാന്നിധ്യവും യുവതികളുടെ മുന്നേറ്റവും സൗദി കൈവരിച്ച വമ്പിച്ച നേട്ടമായി ആഗോളതലത്തിൽ തന്നെ ശ്രദ്ധേയമായി. രാജ്യത്തെ സമ്പദ്ഘടന വളർച്ചയുടെ പാതയിലാണ്. എണ്ണമേഖലയിലും പെട്രോളിതര മേഖലയിലും ഒരുപോലെ വളർച്ചയുടെ മികവ് രേഖപ്പെടുത്തി മുന്നേറുകയാണിപ്പോൾ.
വരുംവർഷങ്ങളിൽ സന്തോഷ സൂചികയിലെ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിൽ ഒന്നായി സൗദി മാറുമെന്ന കണക്കുകൂട്ടലിലാണ് രാജ്യത്തെ ഭരണകൂടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.