കോവിഡ് കാലത്തെ മസ്ജിദുൽ ഹറാമിലെ റമദാൻ സേവനം ശ്രദ്ധേയം
text_fieldsമക്ക: കോവിഡ് കാലത്തെ മറ്റൊരു റമദാനിൽകൂടി മഹത്തായ സേവനങ്ങൾ പൂർത്തിയാക്കിയ സന്തോഷത്തിലാണ് മസ്ജിദുൽ ഹറാം പരിപാലന അധികൃതർ. പ്രതിസന്ധിക്കാലത്തും പഴുതടച്ച സുരക്ഷാ നടപടികളും കോവിഡ് പ്രോട്ടോകോൾ പാലനവും ഫലപ്രദമായി പൂർത്തിയാക്കാൻ കഴിഞ്ഞതിലുള്ള അനുഭൂതിയിലാണ് ഇരു ഹറം കാര്യാലയ വകുപ്പ്. ലക്ഷക്കണക്കിന് തീർഥാടകരാണ് ഉംറക്കും പ്രാർഥനക്കുമായി റമദാനിൽ ഹറമിലെത്തിയത്. 'ഇഅതമർനാ', 'തവക്കൽനാ' തുടങ്ങിയ മോബൈൽ ആപ്ലിക്കേഷൻ വഴിയായിരുന്നു ഹറമിലേക്കുള്ള പ്രവശനം പൂർണമായും നിയന്ത്രിച്ചത്.
ഹറമിലെത്തുന്ന ഒരാൾക്കുപോലും കോവിഡ് രോഗബാധ ഇല്ലെന്ന് ഉറപ്പുവരുത്താൻ അധികൃതർക്ക് സാധിച്ച സാങ്കേതികവും ശാസ്ത്രീയവുമായ പ്രതിരോധ നടപടികൾ ഏറെ ശ്രദ്ധേയമായിരുന്നു. കഅബ പ്രദക്ഷിണം ചെയ്യുന്ന ഇടങ്ങളിൽ വരെ സാമൂഹിക അകലം പാലിക്കാനും എല്ലായിടത്തും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനും അധികൃതർ ഒരുക്കിയ സംവിധാനങ്ങൾ ഇതിനകം ലോക ശ്രദ്ധ നേടിയിട്ടുണ്ട്. ഹറമിെൻറ അകത്തും പുറത്തും അണുമുക്തമാക്കാൻ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള സംവിധാനവും സമർഥരായ സുരക്ഷാ ഉദ്യോഗസ്ഥരുടെയും സന്നദ്ധ പ്രവർത്തകരുടെയും സേവനങ്ങളും പ്രത്യേകം പ്രശംസയർഹിക്കുന്നതാണ്.
ഹറമിലെത്തുന്ന പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും വേറിട്ട സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കഅബ പ്രദക്ഷിണം ചെയ്യുന്ന മതാഫിലും സഫ, മർവക്കിടയിൽ നടക്കാനുള്ള ഭാഗത്തും പ്രത്യേക വഴിയാണ് ഇവർക്കായി ഒരുക്കിയിരിക്കുന്നത്. ഹറം പ്രസിഡൻസിയുടെ സാങ്കേതിക, സേവനകാര്യ ഏജൻസിയാണ് ഇതിന് മേൽനോട്ടം വഹിക്കുന്നത്. തീർഥാടകർക്ക് എല്ലായിടത്തും സംസം ഗ്ലാസിൽ ഒഴിച്ചുകൊടുക്കാൻ പ്രത്യേകം സന്നദ്ധ സേവകരെ നിയോഗിച്ചതും എടുത്തുപറയേണ്ടതാണ്. ഹറം ശുചീകരണത്തിനായി മൊത്തം 4000 പേരടങ്ങുന്ന ഒരു വകുപ്പു തന്നെ ഒരുക്കിയിട്ടുണ്ട്.
ദിവസം ചുരുങ്ങിയത് 10 തവണയെങ്കിലും പള്ളി അണുമുക്തമാക്കാനും സുഗന്ധം തളിക്കാനും സേവകർ രംഗത്തുണ്ട്. 60,000 ലിറ്റർ അണുനാശിനി, 1200 ലിറ്റർ എയർഫ്രെഷ്നർ എന്നിവ ഉപയോഗിക്കുന്നു. ശൗചാലയങ്ങൾ വൃത്തിയാക്കാൻ മാത്രം 70 ലധികം ഫീൽഡ് ടീമുകളും രൂപവത്കരിച്ചിട്ടുണ്ട്. ആരോഗ്യ മുൻകരുതലുകളുടെ ഭാഗമായി 500ലധികം ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസിങ് മെഷീനുകൾ ഹറമിലുടനീളം സ്ഥാപിച്ചിട്ടുണ്ട്.
മസ്ജിദുൽ ഹറാമിെൻറ അകത്തേക്ക് പ്രവേശിക്കുന്ന 10 കവാടങ്ങൾക്കരികിലും നൂറിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഇതിൽ സ്ത്രീസുരക്ഷാ വിഭാഗത്തിെൻറ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. 90 സൗദി എൻജിനീയർമാരും അതിലധികം സാങ്കേതിക വിദഗ്ധരും ചുമതല വഹിക്കുന്ന ഏജൻസിയാണ് ഹറമിലെ സാങ്കേതിക സംവിധാനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. ഹറമിലുള്ള 200 എസ്കലേറ്ററുകളുടെയും 14 ലിഫ്റ്റുകളുടെയും പ്രവർത്തനം നിരീക്ഷിക്കുന്നതും ഈ വിഭാഗമാണ്.
ഏകദേശം 800 സ്പീക്കറുകളാണ് ഹറമിൽ സജ്ജമാക്കിയിരിക്കുന്നത്. ഇമാമിന് ഒമ്പത് മൈക്രോഫോണുകളും ബാങ്ക് വിളിക്കുന്ന ആൾക്ക് ആറ് മൈക്രോഫോണുകളും അടക്കമുള്ള ശബ്ദസംവിധാനവും കുറ്റമറ്റ രീതിയിൽ നിരീക്ഷിക്കുന്നതും ഈ സാങ്കേതിക വിദഗ്ധരടങ്ങുന്ന ഏജൻസിയാണ്. ഇരു ഹറം കാര്യാലയ വകുപ്പ് ഇരു ഗേഹങ്ങളിലും മികവുറ്റ ആസൂത്രണ പദ്ധതികളാണ് എല്ലാ കാലത്തും നടപ്പാക്കിവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.