സൗദിയിൽ രണ്ടുവർഷത്തിനിടെ യാത്രക്കാർക്ക് നഷ്ടപരിഹാരമായി ലഭിച്ചത് 5.8 കോടി റിയാൽ
text_fieldsജിദ്ദ: 2021-2022 വർഷങ്ങളിൽ ദേശീയ വിമാനക്കമ്പനികളിൽനിന്ന് യാത്രക്കാർക്കുള്ള നഷ്ടപരിഹാരമായി 5.8 കോടി റിയാൽ ഈടാക്കിനൽകിയെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. യാത്രക്കാരുടെ അവകാശ സംരക്ഷണത്തിനുള്ള നിയമങ്ങൾക്കനുസൃതമായി അതോറിറ്റി പരാതികളിന്മേൽ തീർപ്പുണ്ടാക്കിയാണ് നഷ്ടപരിഹാരം ലഭ്യമാക്കിയത്.
യാത്രക്കാരുടെ ലഗേജ് കിട്ടാൻ വൈകൽ, ലഗേജിന് കേടുപാട് സംഭവിക്കുകയോ പൂർണമായും നഷ്ടപ്പെടുകയോ ചെയ്യൽ, വിമാനം വൈകൽ, സർവിസ് റദ്ദാക്കൽ എന്നീ ഇനങ്ങളിലുണ്ടായ പരാതികളിലാണ് ഇത്രയും തുക അനുവദിച്ചതെന്നും അതോറിറ്റി വിശദീകരിച്ചു. വിമാനയാത്രയുമായി ബന്ധപ്പെട്ട കരാർവ്യവസ്ഥകൾ പാലിക്കുന്നതിൽ വിമാനക്കമ്പനികൾ നടത്തുന്ന വീഴ്ചകൾ മൂലം പ്രയാസപ്പെടുന്ന യാത്രക്കാരുടെ അവകാശം സംരക്ഷിക്കാനുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയുടെ തെളിവാണിതെന്നും ഒൗദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി. അംഗീകൃത ചട്ടങ്ങൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായി യാത്രക്കാരുടെ പരാതികൾ സ്വീകരിക്കാനും നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും സുതാര്യത ഉറപ്പുവരുത്തുന്നതിനും പരിഹാരം കണ്ടെത്താനും അതോറിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് ക്വാളിറ്റി ആൻഡ് ട്രാവലർ എക്സ്പീരിയൻസ് വൈസ് പ്രസിഡൻറ് എൻജി. അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ ദഹ്മഷ് പറഞ്ഞു.
യാത്രക്കാരുടെ അവകാശങ്ങളെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനും അതോറിറ്റിയുമായി ആശയവിനിമയത്തിന് എളുപ്പവഴികൾ ഉണ്ടാക്കുന്നതിനും യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ചട്ടങ്ങളിൽ അനുശാസിക്കുന്ന നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും അതോറിറ്റി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പുതിയ ചില വ്യവസ്ഥകൾ കൂടി അതോറിറ്റി ഇക്കഴിഞ്ഞ ആഗസ്റ്റിൽ പ്രഖ്യാപിച്ചിരുന്നു. പുതിയ വ്യവസ്ഥകൾ നവംബർ 20 മുതൽ പ്രാബല്യത്തിൽവരും. വിമാന ഗതാഗത സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള വ്യവസ്ഥകളിൽ കൂടുതൽ ആനുകൂല്യങ്ങളും നഷ്ടപരിഹാരവും ഉൾപ്പെടും.
യാത്രക്കാരുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് സുരക്ഷിതമായ വ്യോമഗതാഗതം ഒരുക്കുകയും സൗദി വിമാനത്താവളങ്ങളിലേക്കും പുറത്തേക്കുമുള്ള യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുകയും ലക്ഷ്യങ്ങളിൽ ഉൾപ്പെടും.
വിമാനങ്ങൾ നേരത്തേ പോകൽ, കാലതാമസം അല്ലെങ്കിൽ റദ്ദാക്കൽ, ഓവർബുക്കിങ് അല്ലെങ്കിൽ ക്ലാസ് തരംതാഴ്ത്തൽ എന്നിവ കാരണം യാത്ര ചെയ്യാൻ പറ്റാത്ത സാഹചര്യത്തിൽ യാത്രക്കാർക്ക് പരിചരണവും പിന്തുണയും നഷ്ടപരിഹാരം ഉറപ്പുനൽകുന്നതാണിത്.നഷ്ടപരിഹാരം ടിക്കറ്റ് നിരക്കിന്റെ 150 ശതമാനം മുതൽ 200 ശതമാനംവരെ എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.