സുശക്തമായ മഹല്ല് സംവിധാനത്തിലൂടെ ഏക സിവിൽ കോഡിലെ മതവിരുദ്ധ നിയമങ്ങളെ മറികടക്കാം-സി.പി. ഉമർ സുല്ലമി
text_fieldsദമ്മാം: നേരിനും നെറികേടിനും മനുഷ്യർ പരിധിവെക്കുമ്പോൾ നീതിയുടെ പക്ഷം കൈക്കരുത്തുള്ളവരുടെ കൂടെ മാത്രമേ നിലകൊള്ളുകയുള്ളൂവെന്നും നന്മതിന്മകളുടെ വ്യാഖ്യാനവും വിവേചനവും വേദവെളിച്ചം കൊണ്ട് മാത്രമേ പൂർണമാവുകയുള്ളൂവെന്നും ഏക സിവിൽ കോഡിലെ മതവിരുദ്ധ നിയമങ്ങളെ മറികടക്കാൻ സുശക്തമായ മഹല്ല് സംവിധാനങ്ങൾ കൊണ്ട് മാത്രമേ സാധിക്കൂവെന്നും കെ.എൻ.എം മർകസുദ്ദഅവ ജനറൽ സെക്രട്ടറി സി.പി. ഉമർ സുല്ലമി പറഞ്ഞു. സഹജീവികളുടെ അവകാശത്തിൽ കടന്നുകയറി ജീവിതം ആസ്വദിച്ചു തീർക്കുന്നവനും പുണ്യം ചെയ്തു ജീവിതം ധന്യമാക്കുന്നവനും കർമഫലങ്ങൾ ലഭിക്കുന്ന മരണാനന്തര ജീവിതത്തെ ഖുർആൻ മുമ്പോട്ടുവെക്കുന്നു.
മനുഷ്യന്റെ നീതിബോധം മരണാനന്തര ജീവിതത്തെ ശരിവെക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാണ്ടി. സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ നാഷനൽ കമ്മിറ്റി ദമ്മാമിൽ സംഘടിപ്പിച്ച അഞ്ചാമത് വെളിച്ചം സൗദി ദേശീയ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂസുഫ് കൊടിഞ്ഞി അധ്യക്ഷതവഹിച്ചു. ‘നൂറുൻ അലാ നൂർ’ എന്ന വിഷയത്തിൽ കെ.എൻ. സുലൈമാൻ മദനി മുഖ്യ പ്രഭാഷണം നടത്തി. ഖുർആനും ശാസ്ത്രീയ കണ്ടുപിടിത്തങ്ങളും തമ്മിലുള്ള അത്ഭുതകരമായ സഹവർത്തിത്വബന്ധവും നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ഖുർആന്റെ ഭാഷക്ക് ആധുനിക മനുഷ്യനോട് സംവദിക്കാൻ സാധിക്കുന്നതും അത് ദൈവീക ഗ്രന്ഥമായതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
വെളിച്ചം സൗദി ഓൺലൈൻ വിദ്യാർഥികൾക്കായി ഒരുക്കുന്ന ഖുർആൻ പഠന പദ്ധതിയായ The Light Saudi Online Juniors ലോഞ്ചിങ് ജി.സി.സി ഇസ്ലാഹി കോഓഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് സലാഹ് കാരാടൻ നിർവഹിച്ചു. വെളിച്ചം റമദാൻ 2024 പ്രഖ്യാപനം അഹ്മദ് ഷജ്മീർ നദ്വിയും നടത്തി. സഹൽ ഹാദി, മുനീർ ഹാദി എന്നിവർ ഖുർആൻ ഉണർത്തുന്ന ചിന്തകളെക്കുറിച്ച് സംസാരിച്ചു. അസ്കർ ഒതായി, ഷാജഹാൻ ചളവറ, അബ്ദുൽ ഗനി എന്നിവർ സന്നിഹിതരായിരുന്നു. നൗഷാദ് അകോലത്ത് ആശംസയർപ്പിച്ച് സംസാരിച്ചു. സലിം കടലുണ്ടി സ്വാഗതവും ജരീർ വേങ്ങര നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.