ദീർഘദൂര യാത്രികരേ ഒരു നിമിഷം...
text_fieldsസൗദി അറേബ്യയിൽ വാഹനാപകടങ്ങൾ ദിനംപ്രതിയെന്നോണം സംഭവിക്കുന്നുണ്ട്. അതീവ ദുഃഖകരമായ വാർത്തകൾ അതുസംബന്ധിച്ച് നമുക്കിടയിൽ പരക്കുകയും ചെയ്യുന്നു. ഈ സന്ദർഭത്തിൽ ചില കാര്യങ്ങൾ ഓർമപ്പെടുത്താനാണ് ഈ കുറിപ്പ്. ഈയിടെ സൗദിയിലെ വിസ നിയമങ്ങളിൽ വന്ന മാറ്റങ്ങൾ ആളുകളുടെ യാത്രകൾ വർധിപ്പിക്കാൻ ഇടയാക്കിയിട്ടുണ്ട്. ഉംറ നിർവഹിക്കാൻ ധാരാളം ആളുകൾ ഇപ്പോൾ സൗദിയിലേക്കു വരുന്നുണ്ട്. സന്ദർശന വിസയിലും മറ്റും രാജ്യത്തെ വിവിധയിടങ്ങളിലെത്തിയശേഷം മക്കയിലേക്കും മദീനയിലേക്കും വരുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. അതുപോലെ വിസിറ്റ് വിസയിൽ നാട്ടിൽനിന്ന് പ്രവാസികളുടെ കുടുംബങ്ങളും ധാരാളം വരുന്നുണ്ട്. ബിസിനസ് വിസയിൽ, ടൂറിസ്റ്റ് വിസയിലൊക്കെ ആളുകൾ വരുന്നുണ്ട്.
അതുകൊണ്ടുതന്നെ രാജ്യത്തിനുള്ളിലെ യാത്രകളും വർധിച്ചിട്ടുണ്ട്. വിസിറ്റ് വിസയിൽ വരുന്നവരുടെ വിസ പുതുക്കാൻ അയൽരാജ്യങ്ങളായ ബഹ്റൈൻ, ജോർഡൻ എന്നിവിടങ്ങളിലേക്കു പോകുന്നതും വർധിച്ചു. ചുരുങ്ങിയ അവധിയെടുത്ത് കൃത്യസമയത്തിനുള്ളിൽ തിരിച്ചെത്താനുള്ള വെപ്രാളത്തോടെ യാത്ര പുറപ്പെടുന്നതു മൂലം പ്രവാസികളെ കണ്ണീരിലാക്കുന്ന അപകടങ്ങളിലേക്കും ഉറ്റവരുടെ തീരാനഷ്ടങ്ങളിലേക്കും എത്തിച്ചേർന്നിരിക്കുകയാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് സുരക്ഷിതമായ യാത്രക്ക് പാത ഒരുക്കാം.
നിർദേശങ്ങൾ: രേഖകൾക്ക് കാലാവധിയുണ്ടെന്ന് ഉറപ്പുവരുത്തുക (ഇഖാമ മൂന്നു മാസം, പാസ്പോർട്ട് ആറു മാസം). വിസിറ്റ് വിസയുടെ കാലാവധിക്കുള്ളിൽ സൗദിയിൽനിന്നു പുറത്തുപോകുക. വാഹനങ്ങളുടെ രജിസ്ട്രേഷൻ, ഇൻഷുറൻസ്, ഫഹസ് (വെഹിക്കിൾ പീരിയോഡിക്കൽ ടെസ്റ്റ് സർട്ടിഫിക്കറ്റ്) എന്നിവ കാലാവധിയോടെ കൈയിൽ കരുതുക. വാഹനങ്ങളുടെ പരിശോധന കാര്യക്ഷമമാക്കുകയും ന്യൂനതകൾ വിട്ടുവീഴ്ച കൂടാതെ പരിഹരിക്കുകയും ചെയ്യുക.
ദീർഘദൂര യാത്രികർ രാത്രിസമയങ്ങളിൽ മതിയായ വിശ്രമം ഉറപ്പുവരുത്തുക. ഇടക്ക് നിർത്തി ഉറങ്ങുന്നത് ചിലപ്പോൾ മതിയായ വിശ്രമം ശരീരത്തിന് നൽകണമെന്നില്ല. പകൽ യാത്രക്കും രാത്രി വിശ്രമത്തിനും മാറ്റിവെക്കുക. പിന്നിലെ സീറ്റിലും കുട്ടികളടക്കം യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കുക. രാജ്യാതിർത്തികളിൽ സുരക്ഷിതമായി വാഹനം നിർത്തി, ബാക്കി ദൂരം വിമാനം, ബസ്, ട്രെയിൻ എന്നിവ ഉപയോഗപ്പെടുത്തുക. ചൂടുള്ള കാലാവസ്ഥയിൽ ടയർ പൊട്ടുന്നത് ഒഴിവാക്കാൻ കൃത്യമായ ഇടവേളകളിൽ വാഹനം നിർത്തുക.
വിസിറ്റ് വിസ പുതുക്കുന്നതിന് പോകുന്നവർ സ്ത്രീകളെയും കുട്ടികളെയും അന്യരുടെ വാഹനങ്ങളിലോ പാക്കേജുകളിലോ തനിയേ വിടാതിരിക്കുക. യാത്രയിൽ ഉടനീളം കൃത്യമായ ഭക്ഷണവും വെള്ളവും കഴിക്കുക. ഒന്നിലധികം കുടുംബങ്ങളുടെ കൂടെ വ്യത്യസ്ത വാഹനങ്ങളിലായി യാത്ര പ്ലാൻ ചെയ്യുക. ആവശ്യമായ അവധിയെടുത്ത് യാത്രകൾ മുൻകൂട്ടി തയാറാക്കുക. തിടുക്കപ്പെട്ടു യാത്രചെയ്യുമ്പോൾ ചിലപ്പോൾ പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യേണ്ടിവരും. ആവശ്യത്തിലധികം പണം, ആഭരണങ്ങൾ, വിലപിടിപ്പുള്ള മറ്റുള്ളവ കൈയിൽ സൂക്ഷിക്കാതിരിക്കുക. സഹയാത്രികർ ഉറങ്ങിയാൽ വാഹനം നിർത്തി, ചെറിയ വിശ്രമം എടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.