കാർഷിക മേഖലയുടെ പ്രോത്സാഹനം: പുതിയ പദ്ധതികളുമായി സൗദി കൃഷി വകുപ്പ്
text_fieldsയാംബു: കാർഷിക മേഖലയെ ശക്തിപ്പെടുത്താൻ പുതിയ നടപടികളുമായി സൗദി കൃഷി വകുപ്പ്. രാജ്യത്തെ കർഷകർക്ക് കാർഷിക വികസന ഫണ്ടിൽ നിന്ന് (എ.ഡി.എഫ്) വായ്പയെടുക്കാനും മറ്റു സഹായത്തിനും 820 ശതകോടി റിയാൽ (221 ദശലക്ഷം ഡോളർ) ഫണ്ട് നീക്കിവെച്ചതായി അധികൃതർ അറിയിച്ചു.
കോവിഡ് പ്രതിസന്ധി മൂലം കാർഷിക മേഖലയിലും ഉണ്ടായിട്ടുള്ള മന്ദഗതിയിൽ നിന്ന് കർഷകരെ കൂടുതൽ സജീവമാക്കാൻ വേണ്ടിയാണ് ബന്ധപ്പെട്ടവർ പുതിയ ആസൂത്രണ പദ്ധതികൾ നടപ്പാക്കാൻ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ പരിസ്ഥിതി, ജല, കൃഷി മന്ത്രി അബ്ദുറഹ്മാൻ അൽ-ഫാദിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രാലയത്തിെൻറ പ്രത്യേക ബോർഡ് യോഗം അംഗീകരിച്ചു. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ പുരോഗതിക്കാവശ്യമായ പദ്ധതികളും പുതിയ ആസൂത്രണ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കർഷകർക്ക് ആവശ്യമായ കാർഷിക ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാൻ സഹായിക്കുന്നതിന് വാണിജ്യ ബാങ്കുകളുമായി സഹകരിച്ച് ധനസഹായം അനുവദിക്കാനും ബോർഡ് അംഗീകാരം നൽകി.
348 ദശലക്ഷം റിയാലിെൻറ നാല് വിദേശ കരാറുകൾക്കും അംഗീകാരം നൽകി. അരി, പഞ്ചസാര, മഞ്ഞൾ, ധാന്യം, സോയാബീൻ എന്നിവ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഈ കരാർ ഒപ്പുവെച്ചതെന്ന് കാർഷിക മന്ത്രാലയ വക്താക്കൾ അറിയിച്ചു. സൗദി അറേബ്യയിലെ ആദ്യത്തെ വെറ്ററിനറി ഒട്ടക ആശുപത്രിക്ക് ധനസഹായം, മറ്റു ആശ്വാസ പദ്ധതികൾ, ബ്രോയിലർ ചിക്കൻ ഉൽപാദനം, കാലിത്തീറ്റ ഉൽപാദന ഫാക്ടറി എന്നിവക്കുള്ള സാമ്പത്തിക വായ്പാ സൗകര്യങ്ങൾ നൽകാനും അധികൃതർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.