മുൻ ജഡ്ജിയടക്കം നിരവധി പേർ സൗദിയിൽ അഴിമതി കേസിൽ പിടിയിൽ
text_fieldsജിദ്ദ: അഴിമതിക്കെതിരെ ശക്തവും കർശനവുമായ പോരാട്ടം തുടർന്ന് സൗദി ഭരണകൂടം. സാമ്പത്തിക ക്രമക്കേടും അഴിമതിയും കൈക്കൂലിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലേർപ്പെട്ട നിരവധി പേർ പിടിയിലായി.
മുൻ ജഡ്ജിയും നിരവധി സർക്കാർ ഉദ്യോഗസ്ഥരും സർവിസിൽനിന്ന് വിരമിച്ചവരും വിദേശികളും പിടിയിലായവരിലുൾപ്പെടും. ആരോഗ്യ മന്ത്രാലയത്തിലെ 24 ജീവനക്കാർ, കാലാവസ്ഥ വകുപ്പിലെ 15 ജീവനക്കാർ, മുനിസിപ്പൽ ഗ്രാമകാര്യാലയത്തിലെ 14 ജീവനക്കാർ, സർവകലാശാലയിലെ രണ്ട് ഫാക്കൽറ്റി അംഗങ്ങൾ, മെഡിക്കൽ മാലിന്യ സംസ്കരണ കമ്പനിയിലെ 16 ജീവനക്കാർ എന്നിവർ ദശലക്ഷക്കണത്തിന് റിയാലിെൻറ തട്ടിപ്പിൽ പങ്കാളികളെന്ന നിലയിലായത് പിടിയിലായത്.
യാത്രാ ടിക്കറ്റുകൾ, ഹോട്ടൽ റിസർവേഷനുകൾ, വ്യക്തിഗത ഉപയോഗത്തിന് കാറുകൾ എന്നിവ കൈക്കൂലിയായി കൈപ്പറ്റി, സ്വന്തം ബന്ധുക്കളെ ചട്ടം ലംഘിച്ച് കമ്പനികളിൽ നിയമിച്ചു തുടങ്ങിയവയാണ് ഇവർക്കെതിരായ കേസുകൾ.
മുൻ ജഡ്ജി തെൻറ സേവനകാലത്ത് വിധി പുറപ്പെടുവിച്ചതിന് ഉപഹാരമായി ആഡംബര വാഹനം കൈപ്പറ്റിയ കേസിലാണ് നടപടി നേരിടുന്നത്. ഒരു പ്രതിയെ രക്ഷപ്പെടുത്താൻ ഇയാൾ അവിഹിതമായി ഇടപെട്ടു എന്ന കേസുമുണ്ട്. ഇൗ പ്രതിക്കെതിരായ മൂന്ന് കോടതി വിധികൾ ഇൗ ജഡ്ജി റദ്ദാക്കുകയും പ്രതിക്ക് ജയിൽമോചിതനാകാൻ സൗകര്യമൊരുക്കുകയും ചെയ്തു.
പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഒരു ആശുപ്രതിയിൽ നിന്ന് ശരീര വളർച്ചക്ക് സഹായിക്കുന്ന 45 ഹോർമോൺ ഇഞ്ചക്ഷൻ മറിച്ചുനൽകി 12,000 റിയാൽ കൈക്കൂലി വാങ്ങിയതിനാണ് ആരോഗ്യ ജീവനക്കാരിയായ സ്വദേശി വനിതയും ഫാർമസി ഉടമയും മറ്റൊരു അറബ് പൗരനും അറസ്റ്റിലായത്. സ്വദേശി പൗരനിൽ നിന്ന് 20,000 റിയാൽ കൈക്കൂലി വാങ്ങി അവിഹിത ഇടപാട് നടത്തിക്കൊടുത്തതിനാണ് ട്രാഫിക് ഉദ്യോഗസ്ഥൻ പിടിയിലായത്. തെറ്റായ രേഖകൾ ഉപയോഗിച്ചുള്ള സാമ്പത്തിക ഫണ്ടിങ്ങിന് കൈക്കൂലിയായി 1,29,800 റിയാൽ ഒരു സ്വദേശി പൗരനിൽ നിന്ന് കൈപ്പറ്റിയതിനാണ് സൗദി സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥൻ ജയിലിലായത്.
ജോലി ചെയ്യുന്ന കമ്പനിയുടെ താമസ കേന്ദ്രം നീക്കം ചെയ്യുന്നതിനുള്ള സമയപരിധി സിവിൽ ഡിഫൻസ് ഡയക്ടറേറ്റിൽ നിന്ന് നീട്ടിച്ചതിന് 5000 റിയാൽ കൈക്കൂലി നൽകിയ കേസിൽ ഒരു അറബ് പൗരനാണ് പിടിയിലായത്. കോടതിയിൽ കേസിെൻറ വാദം കേൾക്കൽ തീയതി നിശ്ചയിക്കുന്നതിന് 15,000 റിയാൽ കൈക്കൂലി വാങ്ങിയ കോടതി സൂപർവൈസറാണ് പിടിയിലായ മറ്റൊരാൾ.
നേരത്തെ, അഴിമതി കേസുകളിൽ നിരവധി പേർ പിടിയിലാവുകയും കോടതി ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. പൊതുമുതൽ ൈകയ്യേറുന്നവരെയും വ്യക്തിതാൽപര്യത്തിന് ഒൗദ്യോഗിക പദവികൾ ദുരുപയോഗം ചെയ്യുന്നവരെയും പൊതുതാൽപര്യത്തിന് ഹാനികരമാകും വിധത്തിൽ പ്രവർത്തിക്കുന്നവരെയും നിരീക്ഷിക്കുന്നതും പിടികൂടുന്നതും തുടരുമെന്ന് അഴിമതി വിരുദ്ധ അതോറിറ്റി വ്യക്തമാക്കി. ജോലിയിൽ നിന്ന് വിരമിച്ചവരെയും പിടികൂടും. റിട്ടയർമെൻറ് കാലത്ത് നടത്തുന്ന സാമ്പത്തികവും ഭരണപരവുമായ അഴിമതിയും നടപടികളുടെ പരിധിയിൽ വരുമെന്ന് അതോറിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.