ഹറമിലെത്തുന്നവർ കൂടി, സൗകര്യം കൂട്ടി
text_fieldsജിദ്ദ: മസ്ജിദുൽ ഹറാമിലെത്തുന്നവരുടെ എണ്ണം കൂടിയതോടെ മൂന്നാം സൗദി വിപുലീകരണ ഭാഗത്ത് നമസ്കാരത്തിനുള്ള സൗകര്യം ഇരുഹറം കാര്യാലയം ഒരുക്കി. ഹറമിലെ വിപുലീകരണ ഭാഗങ്ങളിൽ നമസ്കരിക്കാനെത്തുന്നവരെ സ്വീകരിക്കാൻ ഒരുക്കവും സേവനവും പൂർത്തിയാക്കി. പടിഞ്ഞാറ് ഭാഗത്തെ മുറ്റവും ഒരുക്കി. പോക്കുവരവുകൾ സുഗമമാക്കാൻ വിപുലീകരണ ഭാഗത്തെ കെട്ടിടത്തിലെ വൈദ്യുതി കോണികൾ പ്രവർത്തിപ്പിച്ചിട്ടുണ്ടെന്ന് കെട്ടിട ജനറൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ എൻജിനീയർ വലീദ് അൽമസൂദി പറഞ്ഞു. കാലാവസ്ഥക്കനുസരിച്ച് സ്വയംപ്രവർത്തിക്കുന്ന എയർ കണ്ടീഷനിങ് സംവിധാനവും മികച്ച വെളിച്ചസംവിധാനവുമാണുള്ളത്. സ്വയം പ്രവർത്തിക്കാൻ കഴിയുന്നതാണ് ഒരോ സ്ഥലത്തും ഒരുക്കിയ ശബ്ദ, അഗ്നിശമന സംവിധാനങ്ങൾ. പരവതാനികൾ, ശീതീകരിച്ച സംസം, മുസ്ഹഫുകൾ, വിവിധ ഭാഷകളിെല ഖുർആൻ പരിഭാഷകൾ തുടങ്ങി തീർഥാടകർക്കും നസ്കരിക്കാനെത്തുന്നവർക്കും എളുപ്പത്തിൽ ആരാധനകൾ നിർവഹിക്കാനും ആത്മീയാന്തരീക്ഷം സൃഷ്ടിക്കാനും വേണ്ട സേവനം ലഭ്യമാണെന്നും അൽമസൂദി പറഞ്ഞു.
അതേസമയം, രാജ്യത്തെ സ്കൂളുകൾ ആദ്യ സെമസ്റ്റർ പരീക്ഷ കഴിഞ്ഞ് അടച്ചതോടെ ഹറമിലെത്തുന്നവരുടെ എണ്ണം കൂടി. നിരവധി കുടുംബങ്ങളാണ് വിവിധ മേഖലകളിൽ നിന്നായി ഉംറ നിർവഹിക്കാനെത്തുന്നത്. അവധിയിലെ തിരക്കിനനുസരിച്ച ഒരുക്കം ഇരുഹറം കാര്യാലയം പൂർത്തിയാക്കി. ഉംറ തീർഥാടകരെല്ലാത്തവരും ത്വവാഫിന് വെള്ളിയാഴ്ച മുതൽ ഹറമിലെത്തുന്നുണ്ട്. വിദേശ തീർഥാടകരുടെ വരവും തുടരുന്നു. ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് നേരിട്ടുള്ള മടക്കയാത്ര വിലക്ക് നീക്കിയതിനാൽ വരും ആഴ്ചകളിലായി തീർഥാടകർ കൂടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.