സൗദിയിൽ ഏഴു വർഷത്തിനിടെ നഴ്സുമാരുടെ എണ്ണത്തിൽ 23 ശതമാനം വർധന
text_fieldsയാംബു: സൗദിയിൽ ഏഴു വർഷത്തിനിടെ നഴ്സുമാരുടെ എണ്ണത്തിൽ 23 ശതമാനം വർധനയുണ്ടായെന്ന് സൗദി ആരോഗ്യമന്ത്രാലയം. 'സൗദി കമീഷൻ ഫോർ ഹെൽത്ത് സ്പെഷാലിറ്റി' യിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രാജ്യത്തെ സ്ത്രീ- പുരുഷ നഴ്സിംങ് സ്റ്റാഫുകളുടെ എണ്ണം 2023 ൽ 2,35,000 ആയി ഉയർന്നതായി മന്ത്രാലയം അറിയിച്ചു. മേയ് 12 ന് അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് മന്ത്രാലയം പുറത്തിറക്കിയ സ്ഥിതിവിവരണ റിപ്പോർട്ടിലാണ് ഈ കണക്കുകൾ. 2016നും 2023നും ഇടയിൽ മൊത്തം സ്ത്രീ-പുരുഷ നഴ്സുമാരുടെ എണ്ണത്തിലാണ് 23 ശതമാനത്തിലധികം വർധനവ് രേഖപ്പെടുത്തിയത്. 2018ൽ ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം രജിസ്റ്റർ ചെയ്ത നഴ്സുമാരുടെ എണ്ണം 1,84,565 മാത്രമായിരുന്നു. അതിൽ 70,319 പേർ സൗദി പൗരന്മാരാണ്. രാജ്യത്തെ മൊത്തം നഴ്സുമാരുടെ 70 ശതമാനവും നിലവിൽ വിദേശ നഴ്സുമാരാണ്. ഇവരിൽ ബഹുഭൂരിഭാഗവും ഇന്ത്യക്കാരും ഫിലിപ്പിനോകളും മലേഷ്യക്കാരുമാണെന്നും മന്ത്രാലയം തിങ്കളാഴ്ച് പുറത്തിറക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
14 സൗദി സർവകലാശാലകളിൽ ഇപ്പോൾ വിദ്യാർഥികൾക്ക് നഴ്സിംങ് ബിരുദ-ബിരുദാനന്തര പഠനത്തിന് സംവിധാനങ്ങളുണ്ട്. രാജ്യത്തിന്റെ സമ്പൂർണ വികസന പദ്ധതിയായ വിഷൻ 2030 പദ്ധതികളിൽ ഒന്നായ 'ഹെൽത്ത് സെക്ടർ ട്രാൻസ്ഫോർമേഷൻ പ്രോഗ്രാമി' ന്റെ ഭാഗമായി ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി സഹകരിച്ച് നഴ്സിംങ് തൊഴിലിനെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ മന്ത്രാലയം നടപ്പിലാക്കിവരുകയാണ്. ഉയർന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങൾ ഈ മേഖലയിൽ നൽകാനും മന്ത്രാലയം ലക്ഷ്യമിടുന്നു. ഒരു മാനുഷിക തൊഴിൽ എന്ന നിലയിൽ നഴ്സിംങ് കരിയറിനെ പിന്തുണക്കുന്നതിനും ശാക്തീകരിക്കുന്നതിനും മന്ത്രാലയം ഒരുക്കുന്ന പ്രോഗ്രാമുകൾ ഏറെ ഫലം കണ്ടിട്ടുണ്ട്. ആരോഗ്യമേഖലയിലെ പരിവർത്തന പരിപാടിയുടെ ലക്ഷ്യങ്ങളുടെ പൂർത്തീകരണവുംകൂടിയാണിപ്പോൾ മന്ത്രാലയം നടപ്പിലാക്കുന്നത്. അഭിനിവേശം, സഹാനുഭൂതി, തൊഴിൽ പ്രാവീണ്യം എന്നിവയുടെ മഹത്തായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് നഴ്സിംങ് കരിയറിലെ മാനുഷികവും തൊഴിൽപരവുമായ വശങ്ങളിൽ ഇപ്പോൾ കൂടുതൽ മാറ്റങ്ങൾ ദൃശ്യമാണ്.
ഗവൺമെന്റി പ്രതിബദ്ധതയുടെ പ്രതിഫലനമാണ് രാജ്യത്തെ ആരോഗ്യമേഖലയിലെ സ്ത്രീ-പുരുഷ നഴ്സുമാരുടെ എണ്ണത്തിലുള്ള വർധനയെന്നാണ് അധികൃതർ വിലയിരുത്തുന്നത്. വിവിധ ആശുപത്രികളിലെയും മെഡിക്കൽ സെന്ററുകളിലെയും രോഗികൾക്ക് ഉയർന്ന നിലവാരമുള്ള മാനുഷിക പരിചരണം നൽകുന്നതിൽ നഴ്സുമാരുടെ സുപ്രധാന പങ്ക് വർധിപ്പിക്കാൻ മന്ത്രാലയം നടപടിയെടുക്കുന്നുണ്ട്. ആരോഗ്യ മേഖലയിലെ മഹത്തായ സേവനം വർധിപ്പിക്കുന്നതിനൊപ്പം ഈ മേഖലയിൽ സേവനം ചെയ്യുന്ന ജീവനക്കാരുടെ ശേഷി മെച്ചപ്പെടുത്തുന്നതിനും സർക്കാർ അശ്രാന്ത പരിശ്രമം നടത്തുന്നുണ്ടെന്നും മന്ത്രാലയം റിപ്പോർട്ടിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.