ഉംറ തീർഥാടകരുടെ വർധിച്ച സാന്നിധ്യം മക്കയിലെ ചരിത്ര പ്രദേശങ്ങളിലും
text_fieldsമക്ക: റമദാൻ അവസാന നാളുകളിൽ മക്കയിൽ മനുഷ്യക്കടൽ അലയടിക്കുന്നു. അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്. ഉംറ തീർഥാടകർ ഇഫ്‌താർ, രാത്രി നമസ്‌കാരങ്ങളായ തറാവീഹ്, ഖിയാമുല്ലൈൽ എന്നിവയിൽ പങ്കെടുക്കാൻ ഹറമിലേക്ക് ഒഴുകിയെത്തുകയായിരുന്നു. മക്കയിലെ വിവിധ ചരിത്ര പ്രദേശങ്ങളിലും സന്ദർശകരുടെ വർധിച്ച സാന്നിധ്യമാണ് പ്രകടമാകുന്നത്. തീർഥാടകർ വിവിധ ഗ്രൂപ്പുകളിൽ പ്രത്യേക ബസുകളിലായി ചരിത്രപ്രദേശങ്ങൾ സന്ദർശിക്കാൻ രാവിലെ തന്നെ പുറപ്പെടുന്നുണ്ട്. ഉംറ സംഘത്തിന് നേതൃത്വം നൽകുന്നവർ ചരിത്രസ്ഥലങ്ങളെ കുറിച്ച് ആളുകൾക്ക് വിവരിച്ചു കൊടുക്കുന്നുമുണ്ട്. ബസ് യാത്രയിൽ പ്രദേശങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങൾ നൽകാൻ കഴിയുന്ന ഗൈഡുകളെ പല യാത്രസംഘങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്.
മക്കയിലെത്തുന്ന തീർഥാടകർ ഹജ്ജ് പ്രദേശങ്ങളിലാണ് കൂടുതൽ സന്ദർശനം നടത്തുന്നത്. മിന, മുസ്തലിഫ, അറഫ തുടങ്ങിയ പ്രദേശങ്ങളുടെ ചരിത്രപരമായ പ്രാധാന്യം സന്ദർശകർക്ക് ഏറെ ഹൃദ്യമായ അനുഭവം നൽകുന്നു. ഇസ്‌ലാമിക ചരിത്രത്തിൽ ഇടം പിടിച്ച മക്കയിലെ പൗരാണിക പള്ളികളും പൈതൃക സ്ഥലങ്ങളും സന്ദർശിക്കാനും അവയുടെ ചരിത്രപരമായ പ്രാധാന്യം മനസ്സിലാക്കാനും തീർഥാടകർ വലിയ ആവേശമാണ് കാണിക്കുന്നത്.
ഉംറക്ക് അനുമതിപത്രം നിർബന്ധം
ജിദ്ദ: റമദാനിനുശേഷവും ഉംറ നിർവഹിക്കുന്നതിന് അനുമതി വേണമെന്ന വ്യവസ്ഥ തുടരുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ഒരാളുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ ‘നുസ്ക്’ അല്ലെങ്കിൽ ‘തവക്കൽനാ’ ആപ്ലിക്കേഷനുകൾ വഴി ഉംറക്കുള്ള അനുമതിപത്രം നേടിയിരിക്കൽ നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.