‘സ്വതന്ത്രഭാരതം ഇന്നലെ ഇന്ന്’: തനിമയുടെ ടീ ടോക്ക്
text_fieldsഅബഹ: ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ‘സ്വതന്ത്ര ഭാരതം ഇന്നലെ ഇന്ന്’ വിഷയത്തിൽ തനിമ കലാസാംസ്കാരിക വേദി അസീറിൽ ടീ ടോക്ക് സംഘടിപ്പിച്ചു. അസീർ കിങ് ഖാലിദ് യൂനിവേഴ്സിറ്റി പ്രഫസർ ഡോ. ലുഖ്മാൻ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞകാല ഇന്ത്യയെ സൃഷ്ടിക്കുന്നതിൽ മുസ്ലിംകൾ മുന്നിലുണ്ടായിരുന്നെന്നും ഇന്ന് വർഗീയതക്കും വംശീയതക്കും അരുതായ്മകൾക്കും കുപ്രസിദ്ധമാകുന്ന ഇന്ത്യയെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെയും മതനിരപേക്ഷതയെയും ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ ഭാവി ശോഭനമായ ഇന്ത്യയെ പുനഃസൃഷ്ടിക്കാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ കാലത്തിലേക്ക് മാത്രം നോക്കിയിരിക്കാതെ ഭാവിയിൽ നല്ലൊരു ഇന്ത്യയെ മാറ്റിപ്പണിയാൻ എല്ലാവരും മുന്നോട്ടുവരണമെന്നും നാനാത്വത്തിൽ നിന്നും ഫാഷിസത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ഇന്ത്യ നഷ്ടപ്പെടാൻ ഇടവരുത്തരുതെന്നും ചർച്ചയിൽ പങ്കെടുത്ത ഡോ. അബ്ദുൽ ഖാദർ തിരുവനന്തപുരം (അസീർ കിങ് ഖാലിദ് യൂനിവേഴ്സിറ്റി) ആവശ്യപ്പെട്ടു.
ഒരു ഭാഗത്ത് ന്യൂനപക്ഷത്തെ അരക്ഷിതരാക്കാൻ പുതിയ വഖഫ് ബില്ലവതരണവും സി.എ.എ നടപ്പാക്കലുമായി കേന്ദ്ര സർക്കാർ മുന്നോട്ട് വരുമ്പോൾ ഭാവി തലമുറ എങ്ങനെയാണ് സമാധാനത്തോടെ ഇന്ത്യയിൽ ജീവിക്കുക എന്ന ആശങ്ക ഉയർന്നിരിക്കുന്നു. വർഗീയവത്കരിക്കപ്പെടുന്ന സമൂഹത്തിൽനിന്നും നന്മകൾ ചോർന്നുപോകുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞകാലത്തെ നന്മയിലേക്ക് തിരിച്ചുനടക്കാനും ഇന്ത്യക്ക് കഴിയുമെന്നാണ് പുതിയ തെരഞ്ഞെടുപ്പുകൾ നമ്മെ പഠിപ്പിക്കുന്നതെന്നും വിഷയം അവതരിപ്പിച്ചുകൊണ്ട് അബ്ദുറഹ്മാൻ കണ്ണൂർ അഭിപ്രായപ്പെട്ടു. പൗരന്മാരുടെ ക്ഷേമ ഐശ്വര്യങ്ങൾക്കുവേണ്ടി പ്രവർത്തിക്കേണ്ട ഭരണാധികാരികൾ ഛിദ്രതക്കും വംശീയതക്കും വേണ്ടി മാത്രം വായ തുറക്കുന്നവരും പ്രവർത്തിക്കുന്നവരുമായി എന്നതാണ് വർത്തമാന ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളിയെന്ന് മോഡറേറ്റർ മുഹമ്മദാലി ചെന്ത്രാപ്പിന്നി പറഞ്ഞു.
കോർപറേറ്റുകളുടെ താളത്തിന് തുള്ളുന്ന സർക്കാർ ജനാധിപത്യത്തെ കശാപ്പുചെയ്യാൻ കൂട്ടുനിൽക്കുന്ന ദയനീയ കാഴ്ചയാണ് കാണുന്നത്. മാധ്യമങ്ങളെ കൂച്ചുവിലങ്ങണിയിക്കുന്ന സർക്കാറുകൾ ഏകാധിപത്യത്തെയും ഫാഷിസത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡോ. നസീർ, അബ്ദുറഹീം കരുനാഗപ്പള്ളി, നൗഷാദ് തലശേരി, അബ്ദുൽ മജീദ് പേരാമ്പ്ര എന്നിവരും സംസാരിച്ചു. ഈസ കണ്ണൂർ സ്വാഗതവും നൗഷാദ് തലശേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.