ഇന്ത്യയും സൗദിയും തമ്മിൽ എയർ ബബിൾ കരാർ ഒപ്പിട്ടതായി ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയം
text_fieldsജിദ്ദ: സൗദി അറേബ്യയും ഇന്ത്യയും തമ്മിൽ എയർ ബബിൾ കരാർ ഒപ്പിട്ടതായി ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. ഈ മാസം എട്ടിന് ഇരു രാജ്യങ്ങളും തമ്മിൽ നടന്ന ഓൺലൈൻ മീറ്റിംഗിൽ ഇത് സംബന്ധിച്ച ചർച്ച നടന്നതായും ശേഷം പ്രത്യേക നിബന്ധനകളോടെ ഇരുപതാം തീയതി എയർ ബബിൾ കരാർ ഇരു രാജ്യങ്ങളിലെയും സിവിൽ ഏവിയേഷൻ മന്ത്രാലയങ്ങൾ അംഗീകരിച്ചുവെന്നുമാണ് ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്‍റെ സ്ഥിരീകരണം.
2022 ജനുവരി ഒന്ന് മുതൽ കരാർ പ്രാബല്യത്തിൽ വരും. ഇതോടെ കരാർ അനുസരിച്ചുള്ള നിബന്ധനകൾ പാലിച്ചുകൊണ്ട് എയർ ഇന്ത്യ, സൗദി എയർലൈൻസ് തുടങ്ങിയ വിമാനകമ്പനികൾക്ക് ഇരു രാജ്യങ്ങൾക്കിടയിലും സാധാരണ വിമാന സർവീസുകൾ നടത്താനാവും.
കോവിഡ് സാഹചര്യം കാരണം ഇരു രാജ്യങ്ങൾക്കിടയിലും നേരിട്ടുള്ള സാധാരണ വിമാന സർവീസുകൾക്ക് രണ്ട് വർഷമായി വിലക്ക് നിലനിന്നിരുന്നു. മറ്റു ഗൾഫ് രാജ്യങ്ങളുമായെല്ലാം ഇന്ത്യ എയർ ബബിൾ കരാർ ഉണ്ടാക്കിയിരുന്നെങ്കിലും സൗദി അറേബ്യയുമായി കരാർ ഉണ്ടായിരുന്നില്ല. അതിനാൽ ഇന്ത്യൻ പ്രവാസികൾ വിവിധ വിമാനക്കമ്പനികളുടെ ചാർട്ടേഡ് വിമാന സർവീസുകളെയായിരുന്നു ഇതുവരെ യാത്രക്കായി ആശ്രയിച്ചിരുന്നത്.
അമിത ടിക്കറ്റ് നിരക്കിനോടൊപ്പം ഈ രംഗത്ത് പ്രവാസികൾ നിരവധി ചൂഷണങ്ങൾക്കും വിധേയമായിരുന്നു. എയർ ബബിൾ കരാർ നിലവിൽ വരുന്നതോടെ ഇത്തരം ചൂഷണങ്ങൾക്ക് ഒരു പരിധി വരെ വിരാമമാവുമെന്നും ടിക്കറ്റ് നിരക്കുകളിൽ കുറവ് ഉണ്ടാവുമെന്നതും പ്രവാസികൾക്ക് ആശ്വാസമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.