സംയുക്ത ഭവന പദ്ധതിയുമായി ഇന്ത്യയും സൗദിയും; നിർവഹണ കരാറായി
text_fieldsജിദ്ദ: ഭവന നിർമാണ രംഗത്ത് സഹകരിച്ച് പ്രവർത്തിക്കാൻ സൗദിയും ഇന്ത്യയും. സൗദി മുനിസിപ്പൽ ഗ്രാമകാര്യ, ഭവന മന്ത്രാലയവും ഇന്ത്യൻ ഭവന, നഗരകാര്യ മന്ത്രാലയവും നിർവഹണ കരാറിൽ ഒപ്പുവെച്ചു. ഭവന നിർമാണ മേഖലയിലെ നഗരാസൂത്രണം, നിർമാണം, സുസ്ഥിര വികസനം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും മുമ്പ് ഒപ്പിട്ട ധാരാണാപത്രത്തിലെ അജണ്ടകൾ കൂടുതൽ സജീവമാക്കുന്നതിനാണ് ഈ കരാറെന്ന് സൗദി മന്ത്രാലയം വ്യക്തമാക്കി.
മന്ത്രാലയത്തെ പ്രതിനിധീകരിച്ച് കസ്റ്റമർ സർവിസ് അണ്ടർ സെക്രട്ടറിയും ഇൻറർനാഷനൽ കോഒാപറേഷൻ ജനറൽ സൂപർവൈസറുമായ അമീർ സഉൗദ് ബിൻ തലാൽ ബിൻ ബദ്ർ ആലു സഉൗദും ഇന്ത്യൻ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഒൗസാഫ് സഇൗദുമാണ് കരാറിൽ ഒപ്പുവെച്ചത്. രാജ്യത്തെ ഭവന പദ്ധതികൾ ലക്ഷ്യത്തിലെത്താനും 2030ഒാടെ സൗദി കുടുംബങ്ങളുടെ ഭവന ഉടമസ്ഥതയുടെ അനുപാതം 70 ശതമാനമായി ഉയർത്താനും ഈ സംയുക്ത പദ്ധതിയിലൂടെ സാധിക്കും.
ഇരുരാജ്യങ്ങൾക്കുമിടയിൽ ഭവനനിർമാണ മേഖലയിൽ നിക്ഷേപ അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിന് സഹായമാകുകയും ചെയ്യും. ആധുനിക കെട്ടിട സാങ്കേതികവിദ്യകൾ, റെസിഡൻഷ്യൽ കോംപ്ലക്സുകൾ, നഗരവികസനം എന്നീ മേഖലകളിലെ ഉഭയകക്ഷി പങ്കാളിത്തം വിപുലമാക്കും. ഇരുരാജ്യങ്ങളിലെയും സ്വകാര്യ മേഖലകൾ തമ്മിൽ നിർമാണ, പുനർനിർമാണ രംഗത്ത് പരസ്പര സഹകരണത്തിന് അവസരം സൃഷ്ടിക്കുന്നതിനും സഹായിക്കുമെന്ന് അമീർ സഉൗദ് ബിൻ തലാൽ പറഞ്ഞു. ഇരു രാജ്യങ്ങൾക്കിടയിലെ പ്രത്യേകിച്ച് ഭവന നിർമാണ മേഖലയിൽ നിൽനിൽക്കുന്ന ഉഭയകക്ഷി ബന്ധങ്ങളെ ഇന്ത്യൻ അംബാസഡർ പ്രശംസിച്ചു. ഇരുരാജ്യങ്ങൾ തമ്മിലുള്ള അഗാധവും ചരിത്രപരവുമായ ബന്ധങ്ങളിൽ ഏറെ അഭിമാനിക്കുന്നു. ഭവനനിർമാണ, റിയൽ എസ്റ്റേറ്റ് വികസന മേഖലകളിലെ അനുഭവങ്ങളും ഗവേഷണങ്ങളും കൈമാറുന്നതിലൂടെ ഇരുരാജ്യങ്ങളുടെയും ലക്ഷ്യങ്ങൾ പുലരുമെന്നും അംബാസഡർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.