മാധ്യമ സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലൂടെയാണ് ഇന്ത്യ കടന്നുപോവുന്നത് -വി.എം. ഇബ്രാഹിം
text_fieldsജിദ്ദ: മറ്റു പല രാജ്യങ്ങളിലെന്ന പോലെ മാധ്യമ സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലൂടെയാണ് ഇന്ത്യ നിലവിൽ കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന് 'മാധ്യമം' എഡിറ്റർ വി.എം ഇബ്രാഹീം അഭിപ്രായപ്പെട്ടു. ഹൃസ്വ സന്ദർശനത്തിനായി ജിദ്ദയിലെത്തിയ അദ്ദേഹത്തിന് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു. അച്ചടി മാധ്യമങ്ങൾക്ക് കോപ്പികൾ കുറയുന്നുണ്ടെങ്കിലും ഇന്ത്യയിൽ ഇപ്പോഴും പത്രങ്ങൾക്ക് അനുകൂല സാഹചര്യമാണെന്ന് കണക്കുകൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ വായനയിൽ നിന്നും സൗകര്യപ്രദമായ പ്രിന്റ് കോപ്പി വായനയിലേക്ക് ആളുകൾ തിരിച്ചുവരുന്നുണ്ട്. അതുകൊണ്ടു തന്നെ പ്രിന്റ് മീഡിയകൾ അസ്തമിക്കുന്നു എന്ന വിലയിരുത്തൽ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ദീർഘകാലം ജിദ്ദയിൽ മാധ്യമപ്രവർത്തകനായിരുന്ന വി.എം ഇബ്രാഹീം പഴയകാല സഹപ്രവർത്തകരെ കാണാനായതിൽ സന്തോഷം പ്രകടിപ്പിച്ചു. നാട്ടിലെയും ഗൾഫിലെയും മാധ്യമ പ്രവർത്തനങ്ങളെക്കുറിച്ചും പ്രവാസി മാധ്യമപ്രവർത്തകർ സ്വീകരിക്കേണ്ട കരുതലുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് സാദിഖലി തുവ്വൂർ അധ്യക്ഷത വഹിച്ചു. പി.എം മായിൻകുട്ടി, ജലീൽ കണ്ണമംഗലം, കബീർ കൊണ്ടോട്ടി, ഗഫൂർ കൊണ്ടോട്ടി, എ.എം സജിത്ത്, ഇബ്രാഹിം ഷംനാട് എന്നിവർ സംസാരിച്ചു. മീഡിയ ഫോറം ഉപഹാരം വി.എം ഇബ്രാഹിമിന് കൈമാറി. ജനറൽ സെക്രട്ടറി സുൽഫീക്കർ ഒതായി സ്വാഗതവും ട്രഷറർ സാബിത്ത് സലീം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.