രാജ്യരക്ഷക്ക് ഇൻഡ്യ മുന്നണി അധികാരത്തിലെത്തണം -ജിദ്ദ പ്രവാസി യു.ഡി.എഫ്
text_fieldsജിദ്ദ: ലോക്സഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിയെ അധികാരത്തിലെത്തിക്കാൻ മുഴുവൻ പ്രവാസി കുടുംബങ്ങളും യു.ഡി.എഫിന് വോട്ടുകൾ നൽകണമെന്ന് ജിദ്ദ പ്രവാസി യു.ഡി.എഫ് സംഘടിപ്പിച്ച നേതൃസംഗമം അഭ്യർഥിച്ചു. അധികാരത്തിൽ വന്നപ്പോൾ പ്രവാസി മന്ത്രിയും മന്ത്രാലയവും വേണ്ടെന്നു വെച്ച ബി.ജെ.പി സർക്കാർ അടിമുടി പ്രവാസി വിരുദ്ധമാണ്. അന്തർദേശീയ രംഗത്ത് ഇന്ത്യയുടെ അന്തസ്സും അഭിമാനവും കളഞ്ഞുകുളിച്ച മോദി സർക്കാറിനെ ഇനിയും വെച്ച് പൊറുപ്പിക്കരുതെന്ന് യോഗം വോട്ടർമാരോട് അഭ്യർഥിച്ചു.
കെ.എം.സി.സി സൗദി മുഖ്യരക്ഷാധികാരി കെ.പി. മുഹമ്മദ് കുട്ടി സംഗമം ഉദ്ഘാടനം ചെയ്തു. പ്രവാസി യു.ഡി.എഫ് സെൻട്രൽ കമ്മിറ്റി ചെയർമാൻ ഹക്കീം പാറക്കൽ അധ്യക്ഷത വഹിച്ചു. ട്രഷറർ വി.പി. മുസ്തഫ, ചെമ്പൻ അബ്ബാസ്, കെ.ടി.എ മുനീർ, നാസർ വെളിയംകോട്, വി.പി അബ്ദു റഹ്മാൻ, സി.എം അഹമ്മദ്, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ അബൂബക്കർ അരിമ്പ്ര സ്വാഗതം പറഞ്ഞു. ജിദ്ദയിലെ കെ.എം.സി.സി, ഒ.ഐ.സി.സി ജില്ല ഭാരവാഹികളും മണ്ഡലം പ്രസിഡന്റും സെക്രട്ടറിമാരും പങ്കെടുത്ത നേതൃസംഗമത്തിൽ പ്രവാസി യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ കർമ പദ്ധതികൾക്ക് രൂപം നൽകി. ജില്ല കൺവെൻഷൻ നടത്താനും പാർലമെന്റ് മണ്ഡലം കമ്മിറ്റികൾ രൂപവത്കരിക്കാനും പഞ്ചായത്ത് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ജനസമ്പർക്ക പരിപാടികൾ നടത്താനും തീരുമാനിച്ചു. മുഴുവൻ പ്രവാസികളുടെയും ബന്ധുക്കളുടെയും വോട്ടുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ നടത്തുക.
പ്രവാസി യു.ഡി.എഫ് സെൻട്രൽ കമ്മിറ്റിക്ക് കെ.എം.സി.സി, ഒ.ഐ, സി.സി സെൻട്രൽ, നാഷനൽ ഭാരവാഹികൾ നേതൃത്വം നൽകും. കേരളത്തിലെ 20 മണ്ഡലങ്ങളിലും മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥികളുടെ പോസ്റ്ററുകൾ പ്രദർശിപ്പിച്ച് കൊണ്ടാണ് നേതൃസംഗമം സമാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.