സംയുക്ത സമിതി ആറാമത് യോഗം റിയാദിൽ; ഇന്ത്യയും സൗദിയും പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നു
text_fieldsറിയാദ്: ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ പ്രതിരോധം ഉൾപ്പടെ വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ റിയാദിൽ ചേർന്ന സംയുക്ത പ്രതിരോധ സഹകരണ സമിതിയുടെ ആറാമത് യോഗത്തിൽ തീരുമാനം.
ദീർഘകാലത്തേക്കുള്ളതും ബഹുമുഖവുമായ പ്രതിരോധ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ വഴികൾ ഇരു രാജ്യങ്ങളും ചർച്ച ചെയ്തു. സൈനികം, പരിശീലനം, പ്രതിരോധ വ്യവസായം, ഗവേഷണ വികസനം തുടങ്ങിയ മേഖലകളിലെ ഇടപെടലിന്റെയും സഹകരണത്തിന്റെയും വ്യാപ്തി വിപുലീകരിക്കുന്നതിന് വിശദമായ ചർച്ചകൾ നടന്നു.
ഇരു രാജ്യങ്ങളുടെയും സായുധ സേനകൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തും. സായുധസേനകളുടെ പ്രതിരോധ, സാങ്കേതിക ശേഷികൾ വർധിപ്പിക്കുന്നതിന് സഹായിക്കുന്ന ഗവേഷണ വികസന മേഖലകളിലെ സഹകരണത്തിനുള്ള അവസരങ്ങളെക്കുറിച്ചും ചർച്ച നടത്തി.
സൗദിയും ഇന്ത്യയും തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തേണ്ടതിന്റെയും ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും പൊതുതാൽപര്യങ്ങൾ സംരക്ഷിക്കുന്ന വിധത്തിൽ എല്ലാ മേഖലകളിലും ബന്ധം വികസിപ്പിച്ചെടുക്കുന്നതിന്റെയും പ്രാധാന്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.
സൗദി-ഇന്ത്യൻ സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിൽ സ്ഥാപിച്ചത് വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വികസിപ്പിക്കുന്നതിന് സംഭാവന നൽകിയതായി യോഗം വിലയിരുത്തി. സൗദിയും ഇന്ത്യയും തമ്മിൽ രാഷ്ട്രീയ, സാമ്പത്തിക തലങ്ങളിലും സുരക്ഷ, പ്രതിരോധ മേഖലകളിലും ശക്തവും ചരിത്രപരവുമായ ബന്ധങ്ങളും സംയുക്ത സഹകരണവും പങ്കിടുന്നുണ്ട്.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷം 1947-ലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ആരംഭിച്ചത്. പ്രാദേശിക കാര്യങ്ങളിലും വ്യാപാരത്തിലും ഇത് കൂടുതൽ ശക്തിപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ എണ്ണ വിതരണക്കാരിലൊന്നാണ് ഇപ്പോൾ സൗദി അറേബ്യ. രണ്ടാമത്തേത് ഏഴ് വലിയ പങ്കാളികളിൽ ഒന്നുമാണ്. ഇരു രാജ്യങ്ങളും നൂറ്റാണ്ടുകൾ പഴക്കമുള്ള സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക തലങ്ങളിൽ സ്ഥാപിതമായ ഊഷ്മളവും സൗഹൃദപരവുമായ ബന്ധം ആസ്വദിക്കുന്നു. പ്രതിരോധ സഹകരണം സംബന്ധിച്ച ധാരണാപത്രം ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണത്തിന് കൃത്യമായ ഒരു ചട്ടക്കൂട് ഒരുക്കുന്നു.
പ്രതിരോധ സഹകരണത്തിന്റെ ലക്ഷ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ധാരണാപത്രത്തിന് കീഴിലുള്ള ഒരു സ്ഥിരം സംവിധാനമാണ് സംയുക്ത പ്രതിരോധ സഹകരണ സമിതി. യോഗത്തിൽ പങ്കെടുത്തത് ജോയിന്റ് സെക്രട്ടറി അമിതാഭ് പ്രസാദിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘമാണ്.
അതിൽ പ്രതിരോധ മന്ത്രാലയത്തിൽനിന്നുള്ള ഉദ്യോഗസ്ഥരും ഉൾപ്പെട്ടിരുന്നു. സൗദി പ്രതിനിധി സംഘത്തിന് മേജർ ജനറൽ സൽമാൻ ബിൻ അവദ് അൽ ഹർബിയാണ് നേതൃത്വം നൽകി. അദ്ദേഹമാണ് യോഗത്തിൽ അധ്യക്ഷത വഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.