കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് സൗദിയിൽ നിന്ന് വിമാന സർവിസ് ഉടൻ - അംബാസഡർ ഡോ. ഔസാഫ് സഈദ്
text_fieldsഖമീസ് മുശൈത്ത്: ഇന്ത്യയുമായി നിലവിൽ വന്ന എയർ ബബ്ൾ കരാർ പ്രകാരം സൗദിയിൽ നിന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് ഉടൻ തന്നെ വിമാന സർവിസ് ആരംഭിക്കുമെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് പറഞ്ഞു. ഖമീസ് മുശൈത്ത് സൗദി ജർമൻ ഹോസ്പിറ്റൽ ആഡിറ്റോറിയത്തിൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ പ്രവാസി സമൂഹവുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയും സൗദിയുമായി മികച്ച ബന്ധമാണ് ഇപ്പോഴുള്ളത്. അതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക വിനിമയത്തിന്റെ അടിസ്ഥാനത്തിലുള്ള വിവിധ പരിപാടികൾ സൗദിയുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിരവധി മേഖലകളിൽ നിക്ഷേപങ്ങൾക്ക് ഇരുരാജ്യങ്ങളും തയാറായിട്ടുണ്ട്. ഉടൻതന്നെ സൗദിയിൽ ഇന്ത്യൻ യൂനിവേഴ്സിറ്റികളുടെ ശാഖകൾ ആരംഭിക്കുമെന്നും അംബാസഡർ കൂട്ടിച്ചേർത്തു.
അംബാസഡറെ കൂടാതെ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, കൊമേഴ്‌സ് കോൺസുൽ ഹംന മറിയം എന്നിവരും പരിപാടിയിൽ സന്നിഹിതരായി. അസീറിലെ ക്ഷണിക്കപ്പെട്ട നൂറോളം പേർക്ക് മാത്രമായിരുന്നു പരിപാടിയിൽ പ്രവേശനം അനുവദിച്ചത്.
ഖമീസ് മുശൈത്ത് അൽ ജുനൂബ് ഇൻറർനാഷനൽ സ്കൂളിലെ വിദ്യാർഥികൾ നടത്തിയ വെൽക്കം ഡാൻസോടുകൂടി ആരംഭിച്ച പരിപാടി രാത്രി പത്തോടെ അവസാനിച്ചു. കോൺസുലേറ്റ് സി.സി അംഗങ്ങളായ അഷ്റഫ് കുറ്റിച്ചൽ, ബിജു ആർ. നായർ എന്നിവർ പരിപാടിയുടെ നടത്തിപ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.