10 വർഷത്തിനു ശേഷം യമനിൽ ഇന്ത്യൻ അംബാസഡർ; സൗദിയിലെ ഡോ. സുഹൈൽ അജാസ് ഖാനാണ് അധികചുമതല
text_fieldsറിയാദ്: സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാന് റിപ്പബ്ലിക് ഓഫ് യമന്റെ അധിക ചുമതല. റിയാദിൽനിന്ന് ചൊവ്വാഴ്ച യമൻ തലസ്ഥാനമായ ഏദനിലെത്തിയ അദ്ദേഹം പ്രസിഡൻറും പ്രസിഡൻഷ്യൽ ലീഷർഷിപ്പ് കൗൺസിൽ ചെയർമാനുമായ ഡോ. റഷാദ് അൽ ആലിമിക്ക് നിയമനപത്രം കൈമാറി അംബാസഡർ ചുമതലയേറ്റെടുത്തു. ഔദ്യോഗിക ചടങ്ങിൽ യമൻ വിദേശകാര്യമന്ത്രി ഷായാ സിൻഡാനി സന്നിഹിതനായിരുന്നു. ആഭ്യന്തര സംഘർഷം രൂക്ഷമായ യമനിൽ 10 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ അംബാസഡർ നിയമിതനാവുന്നത്.
ഇന്ത്യയും യമനും തമ്മിലുള്ള ദൃഢവും സൗഹൃദപരവുമായ ബന്ധം മെച്ചപ്പെടുത്തുന്നതിന് തന്റെ ആഴത്തിലുള്ള പ്രതിബദ്ധത ചടങ്ങിൽ സംസാരിക്കവേ ഡോ. സുഹൈൽ അജാസ് ഖാൻ പ്രകടിപ്പിച്ചു. യമൻ പ്രസിഡൻറുമായി സംസാരിക്കവേ പ്രതിരോധരംഗത്തെ ഇരുരാജ്യങ്ങളുടെ സഹകരണത്തെയും യമനി പൗരന്മാർക്ക് ഇന്ത്യയിൽ ലഭ്യമായ ഐ.ടി.ഇ.സി കോഴ്സിനെയും ഐ.സി.സി.ആർ സ്കോളർഷിപ്പുകളെയും സംബന്ധിച്ചും അദ്ദേഹം പരാമർശിച്ചു.
ഇന്ത്യയുമായുള്ള തന്റെ ബന്ധം സ്‌നേഹപൂർവം അനുസ്മരിച്ച പ്രസിഡൻറ് ഡോ. അൽ അലിമി, പ്രാചീനകാലത്തോളം പഴക്കമുള്ള ഇന്ത്യ-യെമൻ ബന്ധത്തിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വിശാലമാക്കാനും ആഴത്തിലാക്കാനുമുള്ള തന്റെ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. പ്രസിഡൻറുമായുള്ള കൂടിക്കാഴ്ചക്ക് പുറമേ, അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ തന്റെ സന്ദർശന വേളയിൽ വിവിധ പ്രാദേശിക പ്രമുഖ വ്യക്തിത്വങ്ങൾ, സർക്കാർ ഉദ്യോഗസ്ഥർ, യമനിലെ ഇന്ത്യാക്കാർ തുടങ്ങിയവരുമായി ആശയ വിനിമയം നടത്തുന്നുണ്ട്.
ഇരു രാജ്യങ്ങളുടെയും പ്രയോജനത്തിനായി സഹകരണം വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെ വ്യാപാരം, സംസ്‌കാരം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയുൾപ്പെടെയുള്ള വിവിധ മേഖലകളിൽ ചർച്ചകൾ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്ത്യൻ എംബസി വൃത്തങ്ങൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.