ഇന്ത്യൻ കരസേനാ മേധാവി ഞായറാഴ്ച സൗദിയിൽ, ചരിത്രത്തിലാദ്യം
text_fieldsറിയാദ്: ഇന്ത്യൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെ സൗദി അറേബ്യ സന്ദർശിക്കുന്നു. പ്രതിരോധ രംഗത്തെ ഇരുരാജ്യങ്ങളുടെയും സഹകരണം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സന്ദർശനം ഇൗ മാസം 13നും 14നുമാണ്. ആദ്യമായാണ് ഒരു ഇന്ത്യൻ സൈനിക തലവൻ സൗദി അറേബ്യയിലെത്തുന്നത്.
സൗദി തലസ്ഥാന നഗരത്തിലെത്തുന്ന അദ്ദേഹം ദ്വദിന പര്യടനത്തിനിടയിൽ ഉന്നത പ്രതിരോധ, സൈനിക തല യോഗങ്ങളിൽ സംബന്ധിക്കും. പ്രതിരോധ, സൈനീക രംഗത്തെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചകൾ നടത്തും. രാജ്യസുരക്ഷയും പ്രതിരോധവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ ഇരുരാജ്യങ്ങളുടെയും കാഴ്ചപ്പാടുകൾ കൈമാറും. റോയൽ സൗദി ലാൻഡ് ഫോഴ്സിെൻറയും ജോയിൻറ് ഫോഴ്സ് കമാൻഡിെൻറയും ആസ്ഥാനങ്ങളും കിങ് അബ്ദുൽ അസീസ് മിലിറ്ററി അക്കാദമിയും ഇന്ത്യൻ സൈനിക തലവൻ സന്ദർശിക്കും.
സൗദി നാഷനൽ ഡിഫൻഡ് യൂനിവേഴ്സിറ്റി സന്ദർശിക്കുന്ന അദ്ദേഹം വിദ്യാർഥികളെയും വിവിധ ഫാക്കൽറ്റികളെയും അഭിസംബോധന ചെയ്യും. ഇന്ത്യൻ കരസേനാ മേധാവി യു.എ.ഇയും സന്ദർശിക്കുന്നുണ്ട്. ബുധനാഴ്ച യു.എ.ഇയിൽ എത്തുന്ന അദ്ദേഹം വ്യാഴാഴ്ച വരെ അവിടെയുണ്ടാവും. മുതിർന്ന സൈനീക ഉദ്യോഗസ്ഥരുമായി അദ്ദേഹം അവിടെ കൂടിക്കാഴ്ചകൾ നടത്തും. ആദ്യമായാണ് ഒരു ഇന്ത്യൻ പട്ടാള മേധാവി യു.എ.ഇയും സന്ദർശിക്കുന്നത്. സൗദി, യു.എ.ഇ സന്ദർശനങ്ങൾ പുതിയ ചരിത്രം കുറിക്കുമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.