‘ഓർഗാനിക് ഇഫ്താർ’ സംഗമം ഒരുക്കി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്
text_fieldsജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ നിന്ന്.
ജിദ്ദ: റമദാനിൽ ഭക്ഷണ മെനുവിൽ ജൈവ ചേരുവകൾ ഉൾപ്പെടുത്തി 'ഓർഗാനിക് ഇഫ്താർ സംഗമം' സംഘടിപ്പിച്ച് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്. കോൺസുലേറ്റ് അങ്കണത്തിൽ നടന്ന ഊഷ്മളമായ ഇഫ്താർ സംഗമത്തിൽ സൗദി സർക്കാർ ഉദ്യോഗസ്ഥർ, വിവിധ രാജ്യങ്ങളുടെ കോൺസുൽ ജനറൽമാർ, ഇന്ത്യൻ ബിസിനസ്, സാംസ്കാരിക, മാധ്യമ സമൂഹത്തിൽ നിന്നുള്ളവർ പങ്കെടുത്തു. ഇന്ത്യൻ അംബാസഡർ ഡോ. സുഹെൽ അജാസ് ഖാൻ സംഗമം ഉദ്‌ഘാടനം ചെയ്തു.
ഇഫ്താർ സംഗമം അംബാസഡർ ഡോ. സുഹെൽ അജാസ് ഖാൻ ഉദ്‌ഘാടനം ചെയ്യുന്നു.
റമദാന്റെ പ്രാധാന്യത്തെക്കുറിച്ചും പുണ്യമാസം പ്രചോദിപ്പിക്കുന്ന പ്രതിഫലനം, കാരുണ്യം, സേവനം എന്നിവയുടെ മൂല്യങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധവും അംബാസഡർ ഊന്നിപ്പറഞ്ഞു. വ്യാപാരം, സാംസ്കാരിക കൈമാറ്റം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ വളർന്നുവരുന്ന പങ്കാളിത്തത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. കോൺസുലേറ്റ് ഒരുക്കിയ ജൈവ ഇഫ്താറിനെക്കുറിച്ച് ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി സംസാരിച്ചു.
കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി സംസാരിക്കുന്നു.
ഇന്ത്യയിലും ആഗോളതലത്തിലും സുസ്ഥിരതയോടുള്ള കോൺസുലേറ്റിന്റെ പ്രതിബദ്ധതയും ജൈവകൃഷിയുടെ വർധിച്ചുവരുന്ന പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. ജൈവ ചേരുവകൾ ഉൾപ്പെടുത്തിയ ഇഫ്താർ ഭക്ഷ്യ മെനു ആരോഗ്യത്തിനും ക്ഷേമത്തിനും മാത്രമല്ല, ഭാവി തലമുറകൾക്കായി പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതെങ്ങനെയെന്ന് കോൺസൽ ജനറൽ പങ്കുവെച്ചു. ഇന്ത്യയിൽ നിന്ന് ജൈവ ചേരുവകൾ സൗദിയിൽ എത്തിച്ച് വിതരണം ചെയ്യുന്നതിൽ വിലമതിക്കാനാവാത്ത സംഭാവന നൽകിയതിന് ഇന്ത്യാ സർക്കാറിന്റെ ഭക്ഷ്യ ഉൽപ്പന്ന കയറ്റുമതി വികസന അതോറിറ്റിയോട് അദ്ദേഹം പ്രത്യേക നന്ദി പറഞ്ഞു.
പരിപാടിയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കിയതിന് ലുലു ഗ്രൂപ്പ്, പ്രാദേശിക ഈത്തപ്പഴം നേരിട്ടെത്തിച്ച സിയാഫ ഡേറ്റ്സ് എന്നിവയുൾപ്പെടെയുള്ള പ്രാദേശിക പങ്കാളികൾക്കും അദ്ദേഹം നന്ദി പറഞ്ഞു. ഇന്ത്യയുടെ സമ്പന്നമായ രുചി വിഭവങ്ങളോടൊപ്പം സ്വാദിഷ്ടമായ ജൈവ പലഹാരങ്ങളുടെ ഒരു നിര തന്നെ ഉണ്ടായിരുന്നു ഇഫ്താർ ഭക്ഷ്യ മെനുവിൽ. ഇന്ത്യയിൽ നിന്നും സൗദിയിൽ ലഭ്യമായ ജൈവ ഭക്ഷ്യ പദാർഥങ്ങളുടെ പ്രദർശനവും ഇഫ്താർ സംഗമത്തിൽ ഒരുക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.